നമ്മൾ ജോലി ചെയ്യുന്നതു മുതൽ പ്രേമിക്കുന്നതു വരെയുള്ള കാര്യങ്ങളിൽ സമീപകാലത്തുതന്നെ മാറ്റം വരും എന്നാണ് പുതിയ പ്രവചനങ്ങൾ പറയുന്നത്. ഈ ടെക്നോളജികളെല്ലാം ഇപ്പോൾ നിലവിലുണ്ട്. എന്നാൽ അവയിൽ പലതിനും വേണ്ട ശക്തിയാർജിക്കാനായിട്ടുണ്ടോ എന്ന സംശയമുണ്ട്. അവയിൽ ചിലതെങ്കിലും അടുത്തവർഷം പ്രതിബന്ധങ്ങളെ തകർത്തെറിഞ്ഞ് മുന്നേറിയേക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെറ്റാവേഴ്സ് തുടങ്ങിയ മേഖലകളിലാണ് വൻ മുന്നേറ്റം പ്രതീക്ഷിക്കുന്നത്. അനുദിനമെന്നോണം ടെക്നോളജി മേഖലയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരിക്കുകയാണല്ലോ. ഡിസംബറിൽ മാത്രം വന്നിരിക്കുന്ന എഐ സേർച്ചിന്റെ കാര്യം മാത്രം ആലോചിച്ചാൽ മതി എത്ര മാന്ത്രികമായിരിക്കും കാര്യങ്ങൾ എന്നു മനസ്സിലാക്കാൻ. ചില പ്രവചനങ്ങൾ പരിശോധിക്കാം:
എഐ
അടുത്ത വർഷത്തെ സാങ്കേതികവിദ്യാ മുന്നേറ്റത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ നടത്തിയിട്ടുള്ളവരെല്ലാം എടുത്തു പറഞ്ഞിട്ടുള്ളത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അടുത്ത ഘട്ട മുന്നേറ്റമാണ്. എഐ സർവവ്യാപിയാകും, വികസിത രാജ്യങ്ങളിൽ അതു സംഭവിക്കുക തന്നെ ചെയ്തേക്കും. എന്നാൽ, ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാവരും എഐയുടെ പുരോഗതി 2023ൽ കൂടുതലായി അറിയും എന്നാണ് പ്രവചനം. എഐയെക്കുറിച്ച് പറയുന്നവയെല്ലാം നിറംപിടിപ്പിച്ച കഥകളാണെന്ന് വാദിക്കുന്നവരായിരുന്നു അടുത്തിടെ വരെ ഉണ്ടായിരുന്നത്. എന്നാൽ, നമ്മൾ അടുത്ത വർഷം കൂടുതലായി സ്മാർട്ട് അൽഗോരിതങ്ങളുടെ വലയിൽ പെടും എന്ന പ്രവചനത്തെ വില കുറച്ചു കാണേണ്ട. ഇന്റർനെറ്റ് സേർച്ചിൽ മുതൽ സ്മാർട്ട് ഹോം, ഓൺലൈൻ ഷോപ്പിങ്, മാപ്സ് ഉപയോഗിച്ചുള്ള യാത്ര, വിനോദ വ്യവസായം, ഷെഡ്യൂളുകൾ, തുടങ്ങി നിരവധി മേഖലകളിൽ വരെഎഐയുടെ പ്രഭാവം കാണും. സർഗാത്മക കാര്യങ്ങളിൽ മുതൽ ദൈനംദിന ജീവിതത്തിലെ മുഷിപ്പൻ ജോലികളിൽ വരെ എഐ കടന്നുവന്നേക്കാം.
തീ, വൈദ്യുതി എന്നിവയേക്കാൾ പ്രധാനം
മനുഷ്യ സംസ്കാരത്തിൽ തീ, വൈദ്യുതി എന്നിവയ്ക്ക് ഉള്ളതിനേക്കാളേറെ പ്രാധാന്യമാർജിക്കാൻ ഒരുങ്ങുകയാണ് എഐ എന്നാണ് ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ തന്നെ പറഞ്ഞിരിക്കുന്നത്. വളരുന്ന നോ-കോഡ് എഐ, ആസ്-എ-സർവീസ് പരിസ്ഥിതികൾ കൂടുതൽ പേർക്ക് 2023ൽ പ്രാപ്യമായിരിക്കും. എഐ കേന്ദ്രീകൃത ഉൽപന്നങ്ങൾ കൂടുതലായി സൃഷ്ടിക്കപ്പെടും. ഇത്തരം ആശയങ്ങൾ ഉള്ളവർക്ക് അത് പ്രാവർത്തികമാക്കാൻ പണമില്ലായ്മ ഒരു പ്രശ്നമായേക്കില്ലെന്നും പ്രവചിക്കപ്പെടുന്നു.
ചില ജോലികൾ എഐ ഏറ്റെടുത്തേക്കാം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ, മനുഷ്യർ ചെയ്തുവരുന്ന പല ജോലികളും ഇല്ലാതായേക്കാം എന്ന ഭയപ്പെടുത്തുന്ന മുന്നറിയിപ്പ് വർഷങ്ങളായി നിലവിലുണ്ട്. അടുത്ത വർഷം ചില ജോലികൾ എഐ ഏറ്റെടുത്തു തുടങ്ങിയേക്കും എന്ന ശക്തമായ സൂചനകളുണ്ട്. സ്ഥാപനങ്ങളും മറ്റും നടത്തുന്നവർക്ക് കൂടുതൽ ശക്തമായ ടൂളുകൾ കിട്ടിത്തുടങ്ങിയാൽ ജോലിക്കാരെ ഒഴിവാക്കിയേക്കാം.
സിന്തറ്റിക് കണ്ടെന്റ്
എഐയുടെ സഹായത്തോടെ പരിപൂർണമായും പുതിയ ചിത്രങ്ങളും സ്വരങ്ങളും വിവരങ്ങളും സൃഷ്ടിക്കപ്പെട്ടേക്കാം. ഇവയൊന്നും മുമ്പൊരിക്കലും മനുഷ്യരാശിക്ക് ലഭ്യമയിരുന്നില്ല. ഇപ്പോൾ മനുഷ്യർ പുതിയ സംഗീതം സൃഷ്ടിക്കുമ്പോഴും പുതിയ ചിത്രം വരയ്ക്കുമ്പോഴും എന്താണോ സംഭവിക്കുന്നത് അതുപോലെയായിരിക്കും എഐയുടെ ഇടപെടൽ മൂലമുണ്ടാകുന്ന നൂതന കൃതികൾ. മനുഷ്യന്റെ ഭാഷയും ആശയവിനിമയ രീതികളും കംപ്യൂട്ടറുകൾക്ക് കൂടുതൽ മനസ്സിലാകാൻ നാചുറൽ ലാംങ്ഗ്വേജ് അൽഗോരിതങ്ങളും അടുത്ത ഘട്ടത്തിലേക്ക് കടക്കും. പ്രശസ്തനായ ഒരു വ്യക്തിയുടെ ഇടപെടൽ ഇല്ലാതെ അയാളുടെ അവതാറിനെ ഉപയോഗിച്ച് അയാളെക്കൊണ്ട് സംസാരിപ്പിക്കാം. ഹോളിവുഡ് നടൻ ടോം ക്രൂസിന്റെ കുപ്രസിദ്ധമായ ഡീഫ് ഫെയ്ക് വിഡിയോയും ദി മെറ്റാഫിസിക്സ് ആക്ടും മറ്റും ഉദാഹരണങ്ങളാണ്. വിനോദ വ്യവസായത്തിലേക്ക് ജനറേറ്റിവ് എഐ കടന്നുവന്നേക്കും.
മെറ്റാവേഴ്സ്
അകലെയായിരിക്കുമ്പോഴും അടുപ്പം അനുഭവിപ്പിക്കാൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യ ആയിരിക്കും മെറ്റാവേഴ്സ്. അതിനൊപ്പം പരിഗണിക്കേണ്ട മറ്റൊന്നാണ് വെബ് 3.0. ഇത് ഒരു വ്യക്തിയെന്ന നിലയിലും ഉപഭോക്താവ് എന്ന നിലയിലും നിങ്ങളുടെ അനുഭവങ്ങളെ മാറ്റിമറിച്ചേക്കാം. ഇതിനായി ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ബ്ലോക്ചെയ്ൻ തുടങ്ങിയ സാങ്കേതികവിദ്യകൾ ഒരുമിച്ചു പ്രവർത്തിച്ചേക്കും. കൂടുതൽ കണക്ടഡ് ആയിട്ടുള്ള വെർച്വൽ ലോകത്തേക്ക് നിരവധി ആളുകൾ എത്തിയേക്കും. രണ്ടു വ്യത്യസ്ത രാജ്യങ്ങളിൽ താമസിക്കുന്നവർക്കു പോലും ഒരേ വെർച്വൽ വീടുകളിൽ സന്ധിക്കാനും ഒരുമിച്ച് സമയം ചെലവിടാനും സാധിച്ചേക്കും. പ്രണയത്തിനു മുതൽ ഒരുമിച്ചുള്ള ജോലിയെടുക്കലിനു വരെ പുതിയൊരുമാനം കൈവരിക്കാനായേക്കും.
വെർച്വൽ വീടുകളും റോഡുകളും റിയൽ എസ്റ്റേറ്റും വരാം
യഥാർഥ ജീവിതത്തിലെന്ന അനുഭവം കൃത്രിമമായി സൃഷ്ടിച്ചായിരിക്കും ഇത്തരം വെർച്വൽ ഇടങ്ങൾ നിലവിൽ വരിക. വെർച്വൽ വീടുകൾ മാത്രമല്ല, വെർച്വൽ റോഡുകളും റെയിലുകളും കാറുകളും ട്രെയിനുകളും എല്ലാം നിലവിൽ വന്നേക്കാം. ഇത്തരം വെർച്വൽ ഇടത്ത് സഞ്ചരിക്കുമ്പോൾ കൂറ്റൻ പരസ്യ ബോർഡുകളും കാണേണ്ടി വരാം.
വിവിധ ബ്രാൻഡുകൾ സൃഷ്ടിക്കുന്ന മെറ്റാവേഴ്സ് സാങ്കൽപിക ഇടങ്ങൾ വാങ്ങാനും വിൽക്കാനും സാധിച്ചേക്കും. ഇന്റർനെറ്റിലേതിനേക്കാളേറെ ഉപയോക്താക്കളെക്കുറിച്ചുള്ള സ്വകാര്യ ഡേറ്റ കമ്പനികൾ ശേഖരിച്ചേക്കും. ബ്ലോക്ചെയ്ൻ പോലത്തെ സാങ്കേതികവിദ്യകൾ കൂടുതൽ പ്രാപ്യമായില്ലെങ്കിൽ വെർച്വൽ ഇടങ്ങളിലെത്തുന്നവരുടെ സ്വകാര്യത പാടെ ഇല്ലാതായേക്കാം.
സൂപ്പർ ആപ്പുകൾ
പുതിയ ട്വിറ്റർ മേധാവി ഇലോൺ മസ്ക് മുതൽ റിലയൻസും ടാറ്റായും വരെ സൂപ്പർ ആപ് എന്ന സങ്കൽപം നടപ്പിലാക്കാൻ ആഗ്രഹിക്കുന്നു. എന്തിനും ഏതിനും ഒരു ആപ് എന്ന സങ്കൽപമായിരിക്കും കൊണ്ടുവരിക. ചൈനയിലെ വീചാറ്റ് ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ സൂപ്പർ ആപ്. അതിനെ മാതൃകയാക്കിയായിരിക്കും മസ്കിന്റെ ‘എക്സ്’ ആപ്പും ടാറ്റയുടെ ആപ്പും മറ്റും വരിക. റിലയൻസിനായി സൂപ്പർ ആപ് മേലങ്കി അണിയാൻ പോകുന്നത് വാട്സാപ് തന്നെയായിരിക്കും. സന്ദേശക്കൈമാറ്റം മുതൽ ഷോപ്പിങും പണമിടപാടും ഒടിടി അംഗത്വവുംവരെ, എന്തും നടത്താൻ കെൽപ്പുള്ള ആപ്പുകളെയാണ് സൂപ്പർ ആപ് വിഭാഗത്തിൽ പെടുത്തുന്നത്. താമസിക്കാതെ ലോകത്തെ 50 ശതമാനം ജനങ്ങളും സൂപ്പർ ആപ് ഉപയോക്താക്കളായി മാറുമെന്ന് ഗാർട്ണർ (Gartner) പ്രവചിക്കുന്നു. അടുത്ത വർഷം തന്നെ പലരും സൂപ്പർ ആപ് ഉപയോക്താക്കളായി തീർന്നേക്കും.
ഡിജിറ്റൽ ഇമ്യൂൺ സിസ്റ്റം
മുമ്പെങ്ങും ഇല്ലാത്തത്ര ആളുകൾ വെർച്വൽ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ കാര്യങ്ങൾ താറുമാറായി കൂടേ? ഇക്കാര്യത്തിൽ ജാഗ്രത പുലർത്താനായി ഡിജിറ്റൽ ഇമ്യൂൺ സിസ്റ്റങ്ങളും നിലവിൽ വന്നേക്കും. നിരീക്ഷണം, എഐ-ഓഗ്മെന്റഡ് ടെസ്റ്റിങ്, കാര്യങ്ങൾ താറുമാറാകാതിരിക്കാനുള്ള സാങ്കേതികവിദ്യ, സൈറ്റ് റിലയബിലിറ്റി എൻജിനീയറിങ് (എസ്ആർഇ), സോഫ്റ്റ്വെയർ സപ്ലൈ ചെയിൻ സുരക്ഷ തുടങ്ങിയവയായിരിക്കും ഇവിടെ പ്രവർത്തിക്കുക.
വെർച്വൽ അനുഭവത്തിന്റെ നാളുകളിലേക്ക്
ഡിജിറ്റലൈസേഷൻ യുഗത്തിൽ ലോകം വെർച്വൽ അനുഭങ്ങളിലേക്ക് കൂടുതലായി എത്താൻ ഒരുങ്ങുകയാണ്. ഇത് 2023ൽ നമ്മിൽ ചിലരുടെയെങ്കിലും ജീവിതത്തെ ബാധിക്കേണ്ടതാണ്. മാസങ്ങൾക്കുള്ളിൽത്തന്നെ ഈ മേഖലയിൽ വൻ വിപ്ലവം ഉണ്ടായേക്കാമെന്ന പ്രവചനവും ഉണ്ട്. അടുത്ത ഘട്ട സാങ്കേതികവിദ്യ പതിക്കാൻ തയാറായി നിൽക്കുന്നു. ഒരു ചോദ്യമാണ് നാം ചോദിക്കേണ്ടത്-ഇതൊക്കെ സ്വീകരിക്കാൻ നാം സജ്ജമാണോ?