പുതിയ പ്രീമിയം സ്മാർട് ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അവയിൽ ഏതാനും ചില മോഡലുകൾ എന്നാണ് ഇറങ്ങുകയെന്നും പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ എന്തൊക്കെയെന്നും ഇപ്പോൾ ലഭ്യമായ വിവരങ്ങൾ വച്ചൊരു എത്തിനോട്ടം നടത്താം. ജനുവരി മുതൽ ഒക്ടോബർ വരെയാവും ഇവയിൽ പലതും അവതരിപ്പിക്കപ്പെടുക. ബിസിനസ് ഫോൺ എന്ന സങ്കൽപം ഈ വർഷം തിരിച്ചുവന്നേക്കും. ജനുവരി 5ന് തുടങ്ങുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ (സിഇഎസ്) അവതരിപ്പിച്ചേക്കാവുന്ന പ്രീമിയം ഫോണുകൾ മുതൽ സെപ്റ്റംബറിൽ പ്രതീക്ഷിക്കുന്ന ഐഫോൺ 15 അൾട്രായും ഒക്ടോബറിൽ പ്രതീക്ഷിക്കുന്ന ഗൂഗിൾ പിക്സൽ 8പ്രോയും വരെയുള്ള ചില സൂപ്പർ സ്മാർട് ഫോൺ മോഡലുകൾ ഇതാ:
∙ ലെനോവോ തിങ്ക്ഫോൺ
ബിസിനസ് ഫോൺ എന്നു കേട്ടാൽ ടെക്നോളജി പ്രേമികളുടെ മനസ്സിലേക്ക് ഓടിയെത്തുക ബ്ലാക്ബെറി ആയിരിക്കും. അത് പ്രവർത്തിച്ചിരുന്ന കാലത്തിന് ഉചിതമായ രീതിയിൽ, ബിസിനസ് ഉപയോക്താക്കൾക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ ഉതകുന്ന സോഫ്റ്റ്വെയർ കവചമൊരുക്കിയിരുന്ന ബ്ലാക്ബെറി ഫോണുകൾ, കുറ്റിയറ്റുപോയ ഒരു ‘സ്മാർട് ഫോൺ വംശം’ തന്നെ ആണ്. അത്തരത്തിലൊരു വിജയം ആവർത്തിക്കാൻ ശ്രമിക്കുകയാണ് ലെനോവോ. ‘തിങ്ക്’ ബ്രാൻഡിൽ ബിസിനസ് ഉപയോക്താക്കൾക്ക് അടക്കം ഏതാനും ഉപകരണങ്ങൾ വിറ്റുവരുന്ന കമ്പനി അതേ ബ്രാൻഡ് നാമത്തിൽ ഫോൺ ഇറക്കുകയാണ്. തിങ്ക്ഫോൺ എന്നാണ് പേര്.
∙ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
ലെനോവോ തിങ്ക്ടാബ് എക്സ്ട്രീം, സ്മാർട് പേപ്പർ, മാജിക്ബേ, യോഗാ 9ഐ തുടങ്ങിയവ അടങ്ങുന്ന ശ്രേണിയിലേക്കാണ് തിങ്ക്ഫോണും എത്തുന്നത്. തിങ്ക്പാഡിന്റെ ചെറിയൊരു പതിപ്പാണ് തിങ്ക്ഫോൺ എന്നു വേണമെങ്കിൽ പറയാം. ആൻഡ്രോയിഡ് ഫോണുകൾക്ക് ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും കരുത്തുറ്റ പ്രോസസറായ സ്നാപ്ഡ്രാഗൺ 8 ജെൻ 2 ആയിരിക്കാം ഇതിന്റെ കേന്ദ്രത്തിൽ. ഫുൾഎച്ഡിപ്ലസ് റെസലൂഷനുള്ള ഓലെഡ് ഡിസ്പ്ലെ പ്രതീക്ഷിക്കുന്നു. സ്ലിം ആയേക്കില്ല ഫോൺ എന്നാണ് സൂചന. മികച്ച ബാറ്ററി ലൈഫ് പ്രതീക്ഷിക്കുന്നു. ഇൻ-ഡിസ്പ്ലെ ഫിംഗർപ്രിന്റ് സെൻസർ, മുഖം തിരിച്ചറിയൽ തുടങ്ങിയ ഫീച്ചറുകൾ ഉണ്ടായേക്കാം.
∙ ക്യാമറാ സിസ്റ്റം, ഒഎസ്
പിന്നിൽ ട്രിപ്പിൾ ക്യാമറാ സിസ്റ്റം പ്രതീക്ഷിക്കുന്നു – 50 എംപി പ്രധാന ക്യാമറ, 13 എംപി അൾട്രാവൈഡ്, ഡെപ്ത് അല്ലെങ്കിൽ മാക്രോ ലെൻസ്, 16 എംപി സെൽഫി ക്യാമറ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. അധിക സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തി പരുവപ്പെടുത്തിയ ആൻഡ്രോയിഡ് 13 ആയിരിക്കാം ഒഎസ്. ബ്ലാക്ബെറി ഒഎസിനെ പോലെ ബിസിനസ് ഉപയോക്താക്കൾ ഗൂഗിളിന്റെ ആൻഡ്രോയിഡിനെ വിശ്വസിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. അവതരണത്തിന് പ്രതീക്ഷിക്കുന്നത് ഇനി ദിവസങ്ങൾ മാത്രം.
∙ ഐക്യൂ 11
ഈ മാസം പ്രതീക്ഷിക്കുന്ന മറ്റൊരു ഫോണാണ് ഐക്യൂ 11. സ്നാപ്ഡ്രാഗൺ 8 ജെൻ 2 ഉപയോഗിച്ചു പുറത്തിറക്കാൻ പോകുന്ന ഫോണുകളിൽ ഏറ്റവും വിലക്കുറവുള്ള ഫോണുകളുടെ പട്ടികയിലാണ് ഇതു പെടുന്നത് എന്നതാണ് ഐക്യൂ 11ന്റെ സവിശേഷത. ഇതിന് 144 ഹെട്സ് റിഫ്രെഷ് അനുപാതമുള്ള 2കെ അമോലെഡ് സ്ക്രീനാണ് പ്രതീക്ഷിക്കുന്നത്. ഇൻഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ കണ്ടേക്കാം. കൂടാതെ 5000 എംഎഎച് ബാറ്ററിയും 120w ഫാസ്റ്റ് ചാർജിങ്ങും പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ലഭ്യമാകാൻ പോകുന്ന ഏറ്റവും വില കുറഞ്ഞ പ്രീമിയം ഫോണുകളിലൊന്ന് എന്നതാണ് ഇതിന്റെ പ്രാധാന്യം.
∙ വൺപ്ലസ് 11 സീരീസ്
ചില ഇന്ത്യക്കാർ താൽപര്യപൂർവം കാത്തിരിക്കുന്ന ഒന്നാണ് വൺപ്ലസ് കമ്പനിയുടെ ഫ്ളാഗ്ഷിപ് സീരീസ്. ഏറ്റവും പുതിയ വൺപ്ലസ് 11 സീരീസ് ഫെബ്രുവരി 7ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് മനസ്സിലാകുന്നത്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 തന്നെയായിരിക്കും പ്രോസസർ. ഇതിന് 120 ഹെട്സ് റിഫ്രഷ് അനുപാതമുള്ള, 2കെ അമോലെഡ് സ്ക്രീനാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡ് 13ന് തങ്ങളുടെ വക ചില പാകപ്പെടുത്തലുകൾ ഉൾക്കൊള്ളിച്ച ഓക്സിജൻഒഎസിലായിരിക്കും അത് പ്രവർത്തിക്കുക. വൺപ്ലസ് 11 പ്രോ മോഡലിൽ എതിരാളികൾ അസൂയയോടെ നോക്കുന്ന ഫീച്ചർ അതിന്റെ ക്യാമറാ സിസ്റ്റമായിരിക്കും. സ്വീഡനിൽ നിന്നുള്ള മീഡിയം ഫോർമാറ്റ് ക്യാമറകളുടെ നിർമാതാവ് ഹാസൽബ്ലാഡ് ആണ് ക്യാമറകളുടെ നിർമാണത്തിൽ വൺപ്ലസിനോട് സഹകരിക്കുക എന്നതാണ് ക്യാമറ ശ്രദ്ധാകേന്ദ്രമാകാനുള്ള കാരണം.
∙ സാംസങ് ഗ്യാലക്സി എസ്23 അൾട്രാ
ഇതുവരെ പറഞ്ഞുപോയ മോഡലുകളെക്കാളേറെ പ്രാധാന്യമർഹിക്കുന്ന സ്മാർട് ഫോണാണ് ഗ്യാലക്സി എസ്23 അൾട്രാ. ഹാർഡ്വെയർ നിർമാതാവു കൂടിയായ സാംസങ് ഈ വർഷം പുറത്തിറക്കാൻ പോകുന്ന ഫോണിന് നിശ്ചയായും ക്യാമറയുടെ കാര്യത്തിലടക്കം പല പുതുമകളും പ്രതീക്ഷിക്കുന്നു. പ്രോസർ സ്നാപ്ഡ്രാഗൺ 8 ജെൻ 2 തന്നെ ആയിരിക്കും. ഈ വർഷത്തെ ഏറ്റവും മികച്ച ആൻഡ്രോയിഡ് ഫോണും ഇതായിരിക്കാം. ക്യമറയുടെ ടെലി സൂമിന്റെ കാര്യത്തിലും മറ്റും സാംസങ് എസ്22 അൾട്രാ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇതിനെ കവച്ചുവയ്ക്കുന്ന മികാവണ് എസ്23 അൾട്രായിൽ പ്രതീക്ഷിക്കുന്നത്.
∙ ഐഫോൺ 15 അൾട്രാ
ഇന്നേവരെ ഇറങ്ങിയ എല്ലാ ഐഫോണിനെയും കവച്ചുവയ്ക്കുന്ന പ്രകടനമാണ് ഐഫോൺ 15 അൾട്രായിൽ നിന്നു പ്രതീക്ഷിക്കുന്നത്. കെട്ടിലും മട്ടിലും മറ്റൊരു ഐഫോണിനുമില്ലാത്ത ആഢ്യത്തം ഈ ഫോണിൽനിന്നു പ്രതീക്ഷിക്കുന്നു. ടൈറ്റാനിയം ഉപയോഗിച്ചുള്ള യൂണിബോഡി നിർമാണം, ഏറ്റവും കരുത്തുറ്റ പ്രോസസർ (ഒരു പക്ഷേ, ഐഫോൺ 15 പ്രോയേക്കാൾ കരുത്തിനുവേണ്ടി കസ്റ്റമൈസ് ചെയ്തതായിരിക്കാം) ആയിരിക്കാം ഉപയോഗിക്കുക.
∙ മറ്റൊരു ഐഫോണിനും അവകാശപ്പെടാനാകാത്ത ക്യാമറ
പെരിസ്കോപ് സൂം ലെൻസ് ആണ് 15 അൾട്രായ്ക്ക് പറഞ്ഞുകേൾക്കുന്ന ഫീച്ചറുകളിൽ ഒന്ന്. ഇതുവരെയുള്ള ഒരു ഐഫോണിനും സാധിക്കാത്ത തരത്തിൽ സൂം ചെയ്യാനുള്ള സാധ്യതയാണ് ഇതോടെ തുറക്കുന്നത്. പ്രധാന ക്യാമറയ്ക്ക് ഒരു 1 ഇഞ്ച് സെൻസർ ഉപയോഗിച്ചേക്കാമെന്നും വാദമുണ്ട്. അതുവഴി വെളിച്ചക്കുറവുള്ള ഇടങ്ങളിലും മറ്റും എടുക്കുന്ന ചിത്രങ്ങൾക്കും മറ്റൊരു ഐഫോണിനും ലഭ്യമല്ലാത്ത മികവാർജ്ജിക്കാൻ അൾട്രാ മോഡലിനു സാധിച്ചേക്കും. എന്നാൽ, ഇതിനൊക്കെ നല്ല വില കൊടുക്കേണ്ടി വരും. ഇന്ത്യയിൽ ഐഫോൺ 15 അൾട്രായുടെ തുടക്ക വേരിയന്റിന്പ്രതീക്ഷിക്കുന്നത് 1,59,990 രൂപയാണ്.
∙ ഗൂഗിൾ പിക്സൽ 8 പ്രോ
ഈ വർഷത്തെ ഗൂഗിൾ പിക്സൽ 7 മോഡലുകൾ ടെക്നോളജി റിവ്യൂവർമാരുടെ പ്രതീക്ഷയ്ക്കു പാത്രമായി എന്നതു തന്നെ അടുത്ത വർഷത്തെ ഫോൺ ഉജ്ജ്വലമായ ഒന്നായിരിക്കാമെന്ന ചിന്തയ്ക്കു വഴിവയ്ക്കുന്നു. ഗൂഗിൾ സ്വന്തമായി നിർമിക്കുന്ന ടെൻസർ പ്രോസസറിന്റെ മൂന്നാം തലമുറയായിരിക്കും ഈ ഫോണിന് ശക്തി പകരുക. അതിനൊപ്പം 12 ജിബി വരെ റാമും, 256 ജിബി സ്റ്റോറേജ് ശേഷിയുമാണ് പ്രതീക്ഷിക്കുന്നത്. സ്റ്റിൽ ഫൊട്ടോഗ്രഫിക്ക് എക്കാലത്തും പേരുകേട്ട പിക്സൽ ഫോണുകൾ ഈ വർഷം കൂടുതൽ കരുത്തുറ്റ പ്രകടനം പുറത്തെടുത്തേക്കുമെന്നു കരുതുന്നു. പ്രകാശക്കുറവുള്ള സ്ഥലങ്ങളിലും മറ്റും പകർത്തുന്ന ചിത്രങ്ങൾക്ക് പിക്സൽ 7 പ്രോയെ അതിശയിപ്പിക്കുന്ന പ്രകടനം പിക്സൽ 8 പ്രോയ്ക്ക് ലഭിച്ചേക്കാം.
∙ എഐ മികവ്
ഇതിനു പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തിയുള്ള ഫീച്ചറുകളും ക്യാമറയിൽ പ്രതീക്ഷിക്കുന്നു. ലോകത്തെ ഏറ്റവും കരുത്തുറ്റ എഐ വികസിപ്പിക്കുന്ന കമ്പനികളിലൊന്നായ ഗൂഗിൾ ഫോണിനു മൊത്തമായി ഒരു എഐ മികവ് പകർന്നേക്കുമെന്നൊരു ചിന്തയും പൊതുവെയുണ്ട്. ഇതുവരെ ഇറങ്ങിയിരിക്കുന്നതിൽ വച്ച് ഏറ്റവും ശ്രദ്ധേയമായ ആൻഡ്രോയിഡ് ഹാൻഡ്സെറ്റ് ആയിരിക്കും ഗൂഗിൽ പിക്സൽ 8 പ്രോ എന്ന് വാദിക്കുന്നവരും കുറവല്ല.