യൂട്യൂബർമാർക്ക് ശുഭവാർത്ത, ഷോർട്ട്സിൽ നിന്ന് ഉടൻ പണം സമ്പാദിക്കാം

Advertisement

യൂട്യൂബിൽ കണ്ടെന്റ് അപ്‌ലോഡ് ചെയ്തു വരുമാനുണ്ടാക്കുവന്നവർക്ക് കൂടുതൽ പണമുണ്ടാക്കാൻ അവസരം. വൈകാതെ തന്നെ യൂട്യൂബ് ഷോർ‌ട്ട്സിൽ നിന്നും വരുമാനം ലഭിക്കുമെന്നാണ് അറിയുന്നത്. ഹ്രസ്വ വിഡിയോ കണ്ടെന്റ് അപ്‌ലോഡ് ചെയ്യുന്നവർക്ക് ഫെബ്രുവരി ഒന്നു മുതൽ പണം ലഭിച്ചുതുടങ്ങുമെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരി ഒന്നു മുതൽ മോണിറ്റൈസ് ചെയ്യുന്ന ഷോർട്ട്സ് വിഡിയോകൾക്കും പ്ലേ ചെയ്യുന്ന പരസ്യങ്ങളിൽ നിന്ന് പണം സമ്പാദിക്കാൻ കഴിയുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറയുന്നുണ്ട്. ഷോർട്ട്സിനുള്ള പുതിയ വരുമാന മോഡൽ യൂട്യൂബ് ഷോർട്ട്സ് ഫണ്ടിന് ബദലാകുമെന്നതും ശ്രദ്ധേയമാണ്. നിലവിൽ ഹ്രസ്വ വിഡിയോകൾക്കായി സ്രഷ്‌ടാക്കൾക്ക് പ്രതിഫലം നൽകാൻ യൂട്യൂബ് പാർട്ണർ പ്രോഗ്രാം (YPP) ഉപയോഗിക്കുന്നുണ്ട്. ഈ ഫണ്ട് സംവിധാനത്തിന് കീഴിൽ യൂബട്യൂബ് നിലവിൽ 10 കോടി ഡോളർ ഫണ്ട് പ്രഖ്യാപിച്ചിരുന്നു.

പരസ്യം വഴി ഷോർട്ട്‌സിൽ നിന്ന് പണമുണ്ടാക്കാൻ യൂട്യൂബിന്റെ പുതിയ നയങ്ങളും അംഗീകരിക്കേണ്ടി വരും. ഷോർട്ട്സ് ഫണ്ട് നിർത്തിയാലും സ്രഷ്‌ടാക്കൾക്കും കലാകാരന്മാർക്കും ഇപ്പോൾ യൂട്യൂബിലൂടെ പരസ്യം വഴി പണമുണ്ടാക്കാനും ബിസിനസ് കെട്ടിപ്പടുക്കാനും സാധിക്കും. പരസ്യങ്ങൾ സ്രഷ്‌ടാക്കളുടെ വരുമാന സ്രോതസുകളിൽ പ്രധാനമായിരുന്നു. യൂട്യൂബിലെ പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും സ്രഷ്‌ടാക്കൾക്ക് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

2021 ൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ടിക് ടോക്കിന് സമാനമായ ഹ്രസ്വ വിഡിയോ അപ്ലിക്കേഷൻ യൂട്യൂബ് ഷോർട്ട്സിന് പ്രതിദിനം 150 കോടിയിലധികം ‘വ്യൂസ്’ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. പുതിയ അപ്ലിക്കേഷൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ യൂട്യൂബ് ഷോർട്ട്സ് ലഭ്യമാണ്.