അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പ് ഫീച്ചർ ഉടൻ

Advertisement

അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ വാട്സ്ആപ്പിലേക്ക് എത്തുന്നു. ടെലഗ്രാമിൽ നേരത്തെയുള്ള ഈ ഫീച്ചർ വാട്സ്ആപ്പിൽ അവതരിപ്പിക്കാനായി ഡെവലപ്പർമാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതായി പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ Wabetainfo റിപ്പോർട്ട് ചെയ്യുന്നു. വരാനിരിക്കുന്ന അപ്ഡേറ്റുകളിലൂടെ ഫീച്ചർ ലഭ്യമായേക്കും.

അയച്ച സന്ദേശങ്ങൾ ‘15 മിനിറ്റ്’ എന്ന സമയ പരിധിക്കുള്ളിൽ മാത്രമാകും എഡിറ്റ് ചെയ്യാൻ പുതിയ ‘എഡിറ്റ് മെസേജ്’ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുക. ആ സമയം കൊണ്ട് സന്ദേശത്തിലെ തെറ്റുകൾ തിരുത്തുകയോ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തുകയോ ചെയ്യാം.

അയച്ച സന്ദേശങ്ങൾ സ്വീകർത്താവിന്റെ ഫോണിൽ നിന്ന് കൂടി നീക്കം ചെയ്യാൻ അനുവദിക്കുന്ന ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്ന ഫീച്ചർ ഇപ്പോൾ എല്ലാവർക്കും ലഭിക്കുന്നുണ്ട്. ഇനി ആരെങ്കിലും മുഴുവൻ സന്ദേശവും ഇല്ലാതാക്കാതെ, സന്ദേശത്തിലെ പിഴവ് തിരുത്താൻ മാത്രമാണ് ആഗ്രഹിക്കുന്നുവെങ്കിൽ ഈ സവിശേഷത ഉപയോഗപ്രദമാകും.

ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് പതിപ്പുകളിൽ മാത്രമേ ഫീച്ചർ പിന്തുണയ്ക്കൂ. കൂടാതെ, ചിത്രങ്ങൾക്കും വിഡിയോകൾക്കും നൽകുന്ന അടിക്കുറിപ്പുകൾ ഇത്തരത്തിൽ എഡിറ്റ് ചെയ്യാൻ കഴിയില്ല.

നിലവിൽ, ഈ ഫീച്ചർ ഐ.ഒ.എസ് ഉപയോക്താക്കൾക്കായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബീറ്റ ടെസ്റ്റിംഗിനായി ഉടൻ തന്നെ പുറത്തിറങ്ങിയേക്കും. ഭാവിയിലെ ആപ്പ് അപ്‌ഡേറ്റുകളിലൂടെ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ലഭിച്ചേക്കാം.

Advertisement