ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളിലൊന്നാണ് ടിക് ടോക്. ഇന്ത്യയിലെ നിരോധനമൊന്നും ചൈനീസ് ഷോർട്ട് വിഡിയോ ഷെയറിങ് ആപ്ലിക്കേഷന്റെ വളർച്ചയെ ബാധിച്ചിട്ടില്ല. ജനപ്രീതിയിലും ആളുകളുടെ ഉപയോഗത്തിലും ഗൂഗിളിനെ പോലും പിന്നിലാക്കാൻ ടിക് ടോക്കിന് കഴിഞ്ഞിട്ടുണ്ട്.
ലോകത്തേറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ടിക് ടോക്. 105 കോടി യൂസർമാരാണ് ടിക് ടോകിന് ആഗോളതലത്തിലുള്ളത്. ഇന്ത്യയിൽ വലിയ ജനപ്രീതി നേടാൻ തുടങ്ങിയപ്പോഴായിരുന്നു ടിക് ടോക് നിരോധിക്കപ്പെടുന്നത്. ചൈനയ്ക്ക് യൂസേഴ്സിൻെറ ഡാറ്റ കൈമാറുന്നുവെന്ന് ആരോപിച്ചായിരുന്നു 2020ൽ കേന്ദ്രസർക്കാർ ബൈറ്റ‍്‍ഡാൻസിൻെറ ആപ്പുകളെയെല്ലാം രാജ്യത്ത് നിരോധിച്ചത്.
അമേരിക്കയിലും യൂറോപ്പിലും ആപ്പിന് കോടിക്കണക്കിന് യൂസർമാരുണ്ട്. എന്നാൽ, ഇപ്പോൾ, അവിടെ നിന്നെല്ലാം ചൈനീസ് ആപ്പിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്. യുഎസ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ നിയമനിർമ്മാതാക്കൾ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് ചൈനീസ് സ്ഥാപനമായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് നിരോധിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുന്നത്. ലൊക്കേഷൻ വിവരങ്ങൾ പോലുള്ള സെൻസിറ്റീവ് ഉപയോക്തൃ ഡാറ്റ ബൈറ്റ്ഡാൻസ് ചൈനയിലേക്ക് കൈമാറുന്നതായുള്ള ആശങ്കയാണ് അവർ പ്രകടിപ്പിക്കുന്നത്.
കൂടാതെ, ബൈറ്റ്ഡാൻസ് പോലുള്ള ചൈനീസ് സ്ഥാപനങ്ങളോട് രഹസ്യമായി അത്തരം ഡാറ്റകൾ ആവശ്യപ്പെടാൻ ചൈനീസ് സർക്കാരിനെ അനുവദിക്കുന്ന നിയമങ്ങളിലേക്കും അവർ വിരൽചൂണ്ടുന്നു. മാത്രമല്ല, തെറ്റായ വിവരങ്ങളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കാൻ ചൈന ടിക് ടോക് ഉപയോഗിച്ചേക്കാമെന്നും നിയമനിർമാതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ചാരപ്രവൃത്തികൾക്കായി ടിക് ടോക് ഉപയോഗിക്കുന്നതായുള്ള ആരോപണവും അവർ ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞദിവസം ടിക് ടോക് സ്മാർട്ട്ഫോണുകളിൽ നിന്ന് നീക്കം ചെയ്യാൻ ജീവനക്കാരോട് നിർദേശിച്ച് യൂറോപ്യൻ യൂണിയൻ കമ്മീഷൻ രംഗത്തെത്തിയിരുന്നു. കോർപറേറ്റ് ഫോണുകളിൽ നിന്നും പ്രൊഫഷണൽ ആപ്പുകൾ ഉപയോഗിക്കുന്ന വ്യക്തിഗത ഉപകരണങ്ങളിൽ നിന്നും ടിക് ടോക് നീക്കം ചെയ്യണമെന്നായിരുന്നു നിർദേശം. സൈബർ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. കഴിഞ്ഞ നവംബറിൽ ചൈനയിലെ തങ്ങളുടെ സ്റ്റാഫിന് യൂറോപ്യൻ ഉപയോക്താക്കളുടെ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ടിക് ടോക് സമ്മതിച്ചിരുന്നു. എന്നാൽ, ആപ്പോ, അതിന്റെ ഡാറ്റയോ നിയന്ത്രിക്കുന്നതിൽ ചൈനീസ് സർക്കാരിന്റെ പങ്കാളിത്തം അവർ നിഷേധിക്കുകയുണ്ടായി.