‘ട്രംപിനെ ഓടിച്ചിട്ട് പിടിച്ച് ജയിലിലാക്കി’; ചിത്രങ്ങൾ കണ്ട് അമ്പരന്ന് നെറ്റിസൺസ്, പിന്നിൽ എ.ഐ

Advertisement

വിവാഹേതര ബന്ധം മറച്ചുവെക്കാൻ അശ്ലീല ചിത്ര നടിക്ക് പണം നൽകിയ കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയിരിക്കുകയാണ്. അടുത്ത യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങു​ന്നതിനിടെയാണ് അറസ്റ്റിന് വഴി തുറന്ന് മൻഹാട്ടൻ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. അതേസമയം, ട്രംപിനെതിരെ ചുമത്തിയ കുറ്റങ്ങൾ പുറത്തുവിട്ടിട്ടില്ല.

ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. ട്രംപിന്റെ പേരിൽ 30 ഓളം കുറ്റങ്ങളുണ്ടെന്നാണ് സൂചന. അതോടെ, ട്രംപിന്റെ സ്ഥാനാർഥിത്വം എന്താകുമെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്തായാലും ട്രംപ് വിഷയം ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കൻമാരുടെയും ഇടയിൽ രൂക്ഷമായ തർക്കത്തിന് വഴിവെച്ചിട്ടുണ്ട്.

കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും ഡോണൾഡ് ട്രംപിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ ബലം ​പ്രയോഗിച്ച് മുൻ പ്രസിഡന്റിനെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.

യാഥാർഥ്യത്തെ വെല്ലുന്ന ആ ചിത്രങ്ങൾക്ക് പിന്നിൽ എലിയറ്റ് ഹിഗ്ഗിൻസ് എന്ന വിരുതനാണ്. നെതർലാൻഡ്സ് ആസ്ഥാനമായുള്ള അന്വേഷണാത്മക ജേണലിസം ഗ്രൂപ്പായ ബെല്ലിംഗ്കാറ്റിന്റെ സ്ഥാപകനായ അദ്ദേഹം നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് ട്രംപിനെ ഓടിച്ചിട്ട് പിടിച്ച് യു.എസ് പൊലീസ് അറസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ സൃഷ്ടിച്ചത്.