വാട്സ്ആപ്പിന് വമ്പൻ ‘ഡിസൈൻ മാറ്റം’; ആൻഡ്രോയ്ഡ് യൂസർമാർക്ക് സന്തോഷ വാർത്ത

Advertisement

വാട്സ്ആപ്പ് ആൻഡ്രോയ്ഡ് യൂസർമാർക്കായി ഏറ്റവും വലിയ അപ്ഡേറ്റുമായി എത്തുകയാണ്. സമീപ കാലത്തായി നിരവധി ഉപയോഗ​പ്രദമായ ഫീച്ചറുകൾ ആപ്പിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവർ കാലങ്ങളായി വാട്സ്ആപ്പിന്റെ ഡിസൈനിൽ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ മെറ്റയുടെ കീഴിലുള്ള സന്ദേശമയക്കൽ ആപ്പ്.

വാട്സ്ആപ്പിന്റെ ഐ.ഒ.എസ് ആപ്ലിക്കേഷൻ ഉപയോഗിച്ചവർക്കോ കണ്ടവർക്കോ അറിയാം ആൻഡ്രോയ്ഡ് പതിപ്പിനെ അപേക്ഷിച്ച്, അതിൽ നാവിഗേഷൻ ബാർ താഴെയാണ് കൊടുത്തിരിക്കുന്നത്. (‘ചാറ്റ്സ്, സ്റ്റാറ്റസ്, കാൾസ്, കമ്യൂണിറ്റീസ് എന്നീ ഓപ്ഷനുകൾ തരംതിരിച്ചുവെച്ചിരിക്കുന്ന ഭാഗത്തെയാണ് നാവിഗേഷൻ ബാർ എന്ന് പറയുന്നത്).

ഐ.ഒ.എസിൽ നിന്ന് ആൻഡ്രോയ്ഡിലേക്ക് മാറുന്നവർ ഏറ്റവും പ്രയാസം അനുഭവിക്കുന്നതും വാട്സ്ആപ്പ് ഉപയോഗിക്കുമ്പോഴാകും. കാരണം, വിവിധ ഓപ്ഷനുകളിലേക്ക് പോകണമെങ്കിൽ വിരൽ സ്ക്രീനിന്റെ ഏറ്റവും മുകളിലേക്ക് എത്തിക്കണം.

എന്നാൽ, ആൻഡ്രോയ്ഡിലും ഇനിമുതൽ ഐ.ഒ.എസിലേത് പോലെ ‘ബോട്ടം നാവിഗേഷൻ ബാർ’ അവതരിപ്പിക്കാൻ പോവുകയാണ്. വിവിധ ഓപ്ഷനുകളിലേക്ക് എളുപ്പത്തിൽ പോകാൻ ‘താഴെയുള്ള നാവിഗേഷൻ ബാർ’ സഹായിക്കും.

പുതിയ ബീറ്റ അപ്‌ഡേറ്റ് പതിപ്പ് 2.23.8.4 ന്റെ ഭാഗമായി ആൻഡ്രോയിഡ് യൂസർമാർക്കായി ഈ ഫീച്ചർ എത്താൻ പോകുന്ന കാര്യം WABetaInfo ആണ് പുറത്തുവിട്ടിരിക്കുന്നത്. അതിന്റെ സ്ക്രീൻഷോട്ടും പങ്കുവെച്ചിട്ടുണ്ട്. അതേസമയം, പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചർ എപ്പോഴാണ് അപ്ഡേറ്റിലൂടെ സാധാരണ യൂസർമാരിലേക്ക് എത്തുകയെന്ന കാര്യത്തിൽ ഇപ്പോൾ സൂചനകളൊന്നും നൽകിയിട്ടില്ല.

അതുപോലെ ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ പുതിയ “ലോക്ക് ചാറ്റ്” സവിശേഷതയും വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഏറ്റവും സ്വകാര്യമായ ചാറ്റുകൾ ലോക്ക് ചെയ്യാനും മറച്ചുവെക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ.

ചാറ്റ് ലോക്ക് ചെയ്താൽ, ഉപയോക്താവിന്റെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ച് മാത്രമേ അത് പിന്നീട് തുറക്കാൻ കഴിയൂ, ഇത് മറ്റാർക്കും തുറന്ന് വായിക്കാൻ സാധിക്കില്ല. അതുപോലെ, ലോക്ക് ചെയ്യുന്ന ചാറ്റുകളിലെ മീഡിയാ ഫയലുകൾ ഗാലറിയിലേക്ക് ശേഖരിക്കപ്പെടുകയുമില്ല.