‘ട്വിറ്ററിന്റെ ‘W’ കാണാനില്ല’; മസ്കിനിത് എന്തിന്റെ കേടെന്ന് നെറ്റിസൺസ്

Advertisement

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്‍റെ നീലക്കിളി (ബ്ലൂ ബേഡ്) ലോഗോ മാറ്റി ഒരു നായുടെ ചിത്രം നൽകിയ സംഭവം ഇന്റർനെറ്റിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഡോഷ് കോയിൻ (doge coin) എന്ന പേരിലുള്ള ക്രിപ്റ്റോ കറന്‍സിയുടെ മുഖമായ ‘ഷിബ ഇനു’ എന്ന പട്ടിയുടെ ചിത്രമായിരുന്നു ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്ക് പകരം സ്ഥാപിച്ചത്. എന്നാൽ, നീലക്കിളി പിന്നീട് തിരിച്ചെത്തുകയും ചെയ്തിരുന്നു.

അവിടെ തീർന്നില്ല, ഇലോൺ മസ്ക് ട്വിറ്ററിൽ വീണ്ടുമൊരു നാടകീയ നീക്കത്തിനൊരുങ്ങുന്നതിന്റെ സൂചനയുമായി പുതിയ ചിത്രങ്ങളും ദൃശ്യങ്ങളും ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ട്. സാൻഫ്രാൻസിസ്കോയിലെ ട്വിറ്ററിന്റെ ആസ്ഥാനത്തിന് പുറത്തുള്ള സൈൻബോർഡിൽ ട്വിറ്ററിന്റെ (Twitter) ‘w’ എന്ന അക്ഷരം മൂടിയ നിലയിലുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

കൂടാതെ, ട്വിറ്ററിന്റെ ഔദ്യോഗിക വാർത്താ ഹാൻഡിലായ ട്വിറ്റർ ഡൈലി ന്യൂസിന്റെ പേരിൽ ‘w’ എന്ന അക്ഷരം ബ്രാക്കറ്റിലാണ് കൊടുത്തിരിക്കുന്നത്. – (T(w)itter Daily News). നീലക്കിളിയെ മാറ്റിയ സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു നീക്കമെന്നത് ശ്രദ്ധേയമാണ്.

അതേസമയം, കഴിഞ്ഞ വർഷം ഏപ്രിലിൽ, ഇലോൺ മസ്‌ക് ട്വിറ്ററിൽ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. ട്വിറ്ററിലെ ‘w’ നീക്കം ചെയ്യണോ എന്നായിരുന്നു വോട്ടെടുപ്പിൽ അദ്ദേഹം ഉപയോക്താക്കളോട് ചോദിച്ചത്. സാൻഫ്രാൻസിസ്കോയിലെ സംഭവം പലരും ആരോ ചെയ്ത തമാശയാ​ണെന്ന് പറയുമ്പോഴും ഇലോൺ മസ്കിന്റെ പഴയ ട്വീറ്റ് മാറ്റത്തിന്റെ സൂചന നൽകുന്നുണ്ട്.

എന്തായാലും മസ്കിന്റെ പുതിയ നീക്കത്തിനെതിരെ ​നെറ്റിസൺസ് ട്വിറ്ററിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്. സി.ഇ.ഒ കുട്ടിക്കളി നിർത്തണമെന്നും ട്വിറ്ററിനെ രക്ഷിക്കണമെന്നുമാണ് അവർ പറയുന്നത്.

ലോഗോയുടെ സ്ഥാനത്ത് നായയെ കൊണ്ടുവന്നതിനു പിന്നാലെ, ഒരു അജ്ഞാതനുമായി താന്‍ നടത്തിയ സംഭാഷണത്തിന്‍റെ സ്ക്രീന്‍ ഷോട്ട് മസ്ക് മുമ്പ് പങ്കുവെച്ചിരുന്നു. ചെയര്‍മാന്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൌണ്ട് ‘പക്ഷിയെ മാറ്റി ഡോഗിനെ ലോഗോ ആക്കൂ’ എന്നാണ് മസ്കിനോട് ആവശ്യപ്പെട്ടത്. ‘വാഗ്ദാനം ചെയ്ത പോലെ’ എന്ന അടിക്കുറിപ്പോടെ മസ്ക് സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചു.

Advertisement