യൂട്യൂബിൽ നിന്നു മാത്രമല്ല ട്വിറ്ററിൽ നിന്നും കണ്ടെന്റ് ക്രിയേറ്റർമാർക്കും പ്രശസ്തർക്കും വരുമാനമുണ്ടാക്കാം. നിങ്ങൾ പോസ്റ്റ് ചെയ്യുന്ന കണ്ടെന്റിന് മൂല്യമുണ്ടെന്നു കരുതുന്നുണ്ടോ? നിങ്ങൾ ഇടുന്ന കണ്ടെന്റ്, അത് വിഡിയോ ആണെങ്കിലും, ടെക്‌സ്റ്റായി നടത്തുന്ന ദൈർഘൈമുള്ള ട്വീറ്റാണെങ്കിലും, ന്യൂസ് ലെറ്റർ ആണെങ്കിലും, ആരെങ്കിലുമൊക്കെ അതു കാണാൻ സബ്‌സ്‌ക്രൈബ് ചെയ്യുമെങ്കിൽ പണമുണ്ടാക്കാനുള്ള അവസരമാണ് ട്വിറ്ററിന്റെ പുതിയ മേധാവി ഇലോൺ മസ്‌ക് ഒരുക്കുന്നത്. ഇതിനു പുറമെ ട്വിറ്ററിലെ സബ്‌സ്‌ക്രൈബർമാർക്കു മാത്രം പ്രവേശനം ലഭിക്കുന്ന ‘സ്‌പെയ്‌സസി’ലേക്ക് കടക്കാൻ അനുമതിയും ലഭിക്കും, പ്രത്യേക സബ്‌സ്‌ക്രൈബർ ചിഹ്നങ്ങളും നൽകും. ട്വിറ്റർ ഫോളോവേഴ്സിനോട് നിങ്ങൾ ഇടുന്ന ദൈർഘ്യമുളള ടെക്‌സ്റ്റ് ആണെങ്കിലും മണിക്കൂറുകൾ നീളുന്ന വിഡിയോ ആണെങ്കിലും കാണാൻ സബ്‌സ്‌ക്രൈബ് ചെയ്യാൻ ആവശ്യപ്പെടുക എന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്.
∙ മാസവരുമാനം ലഭിക്കുന്നത് ഇങ്ങനെ
പണം മുടക്കി കണ്ടെന്റ് കാണാൻ തയാറുള്ള ഫോളോവേഴ്സിനെ കിട്ടിയാൽ നിങ്ങൾക്ക് ട്വിറ്ററിൽ നിന്ന് മാസവരുമാനം ഉണ്ടാക്കാം. ഇതിനു പുറമെ ട്വിറ്റർ കമ്പനി ‘സബ്‌സ്‌ക്രിപ്ഷൻസ്’ വഴി നേടുന്ന പണത്തിന്റെ ഒരു പങ്കും കണ്ടെന്റ് ക്രിയേറ്റർമാർക്ക് നൽകിയേക്കും. നിങ്ങളുടെ ട്വീറ്റുകളോട് പ്രതികരിക്കുന്ന ഫോളോവേഴ്സിനായി അധിക കണ്ടെന്റ് നൽകി അവരോട് സബ്‌സ്‌ക്രൈബ് ചെയ്യാൻ ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്.
ഒരു കണ്ടെന്റ് ക്രിയേറ്ററുടെ ‘സബ്‌സ്‌ക്രിപ്ഷൻസ്’ ഓഫർ സ്വീകരിച്ച് പണമടച്ച് കണ്ടെന്റ് കാണുകയാണെങ്കിൽ സബ്‌സ്‌ക്രൈബർമാരല്ലാത്ത ഫോളോവേഴ്സിന് ലഭിക്കാത്ത കണ്ടെന്റ് ലഭിക്കും. ഇത് ന്യൂസ് ലെറ്ററുകളാകാം, ദൈർഘ്യമുള്ള വിഡിയോകളോ മറ്റ് കണ്ടെന്റോ ആകാം. ഇതു കൂടാതെ, കണ്ടെന്റ് ക്രിയേറ്ററുമായി നേരിട്ട് ഇടപെടാനും സബ്‌സ്‌ക്രൈബർമാരെ അനുവദിക്കും. സബ്‌സ്‌ക്രൈബർമാർ ആണെന്ന് അറിയിക്കാൻ അവരുടെ പേരിന് സമീപം ഒരു അടയാളവും നൽകും. അതായത് കണ്ടെന്റ് ക്രിയേറ്റർ തന്റെ എല്ലാ ഫോളോവേഴ്സിനും നൽകുന്നതിലേറെ കണ്ടെന്റ് സബ്‌സ്‌ക്രൈബർമാർക്കു നൽകും.
നിങ്ങളുടെ കണ്ടെന്റിന് പ്രതിമാസം 2.99 ഡോളർ, 4.99, ഡോളർ, 9.99 ഡോളർ എന്നിങ്ങനെ മൂന്നു രീതിയിലാണ് മാസവരിയിടാൻ അനുവദിച്ചിരിക്കുന്നത്. (രൂപയിലുള്ള മാസവരി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.) നിങ്ങൾക്ക് ഇതിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. ഫോളോവേഴ്സ് ഈ തുക നൽകി സബ്‌സ്‌ക്രൈബ് ചെയ്താൽ ആ തുക ട്വിറ്റർ അവരിൽ നിന്ന് ഈടാക്കി കണ്ടെന്റ് ക്രിയേറ്റർക്കു നൽകും.
ഇങ്ങനെ സബ്‌സ്‌ക്രൈബർമാരെ ലഭിക്കണമെങ്കിൽ വേണ്ട കുറഞ്ഞ യോഗ്യതയും പ്രഖ്യാപിച്ചു. വ്യക്തിക്ക് കുറഞ്ഞത് 18 വയസ് ആയിരിക്കണം. കുറഞ്ഞത് 10,000 ഫോളോവേഴ്സ് ഉണ്ടായിരിക്കണം. കഴിഞ്ഞ 30 ദിവസത്തിനിടയ്ക്ക് 25 തവണയെങ്കിലും ട്വീറ്റ് ചെയ്തിരിക്കണം. കൂടാതെ 30 ദിവസത്തിനുള്ളിൽ 25 ട്വീറ്റ് നടത്തുന്നതിൽ കണ്ടെന്റ് ക്രിയേറ്റർ പരാജയപ്പെട്ടാൽ പണമുണ്ടാക്കാനുള്ള യോഗ്യത നഷ്ടപ്പെടുകയും ചെയ്യാം.
മുകളിൽ പറഞ്ഞ യോഗ്യതകൾ ഉള്ളവർക്ക് അമേരിക്കയിൽ ഇപ്പോൾത്തന്നെ ഇതിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാം. അതേസമയം, ആഗോള തലത്തിൽ ഐഫോണിലോ, ആൻഡ്രോയിഡിലോ ട്വിറ്റർ ഉപയോഗിക്കുന്നവർക്കും ഇതിന് അപേക്ഷിക്കാം. ബ്രൗസറിൽ ട്വിറ്റർ.കോം ഉപയോഗിക്കുന്നവരാണെങ്കിൽ അമേരിക്കയ്ക്കു പുറമെ കാനഡ, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവടങ്ങളിൽ ഉള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
അതേസമയം, ഇത് മസ്‌ക് അവതരിപ്പിച്ചതൊന്നുമല്ല, മറിച്ച് നേരത്തേ ട്വിറ്ററിൽ ഉണ്ടായിരുന്ന ‘സൂപ്പർ ഫോളോവ്‌സ് (Super Follows)’ എന്ന ഫീച്ചർ പേരു മാറ്റി അവതരിപ്പിക്കുക മാത്രമാണ് മസ്‌ക് ചെയ്തിരിക്കുന്നതെന്നും അഭിപ്രായമുണ്ട്. എന്തായാലും, പദ്ധതിക്ക് യോഗ്യരായവർ ചെയ്യേണ്ടത് ട്വിറ്ററിന്റെ സെറ്റിങ്‌സിലെത്തി ‘മോണട്ടൈസേഷൻ’ എന്ന വിഭാഗത്തിൽ ക്ലിക്കു ചെയ്ത് ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ്.