മെറ്റാ കമ്പനി മേധാവി മാർക് സക്കർബർഗിനുമുണ്ട് ഒഴിവു സമയ വിനോദം. തന്റെ വിനോദത്തെക്കുറിച്ച് സക്കർബർഗ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിവരിച്ചിരിക്കുന്നത്. മകൾക്കുവേണ്ടി 3ഡി പ്രിന്റു ചെയ്ത് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുകയാണ് സുക്കർബർഗിന്റെ പുതിയ വിനോദം.
സക്കർബർഗ് ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ച മകളുടെ നാലു ചിത്രങ്ങളാണ് സക്കർബർഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നീല, പച്ച നിറങ്ങളിലുള്ള 3ഡി പ്രിന്റഡ് വസ്ത്രങ്ങളാണ് സർബർഗിന്റെ മകൾ ധരിച്ചിരിക്കുന്നത്. ‘എനിക്ക് പുതിയ കാര്യങ്ങൾ നിർമിക്കാൻ ഇഷ്ടമാണ്. അടുത്തിടെയാണ് 3ഡി പ്രിന്റിങ് വസ്ത്രങ്ങൾ മകൾക്കുവേണ്ടി ഡിസൈൻ ചെയ്തത്. ഇങ്ങനെ കഴിഞ്ഞ മാസം നിർമിച്ച ചില വസ്ത്രങ്ങളുടെ ചിത്രങ്ങളാണിത്.’ എന്നാണ് സക്കർബർഗ് ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്. പുതിയ വിനോദത്തിന്റെ ഭാഗമായി വസ്ത്രം തുന്നാൻ തനിക്ക് പഠിക്കേണ്ടി വന്നുവെന്നും മെറ്റ സിഇഒ കൂട്ടിച്ചേർക്കുന്നുണ്ട്.
മണിക്കൂറുകൾകൊണ്ടു തന്നെ മാർക് സക്കർബർഗിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് നിരവധി പേരെ ആകർഷിക്കുകയും ചെയ്തു. 2.46 ലക്ഷത്തിലേറെ ലൈക്കാണ് സുക്കർബർഗിന്റെ 3ഡി വസ്ത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ഫാഷൻ വ്യവസായത്തിന്റെ തന്നെ ഭാവിയാണിതെന്നാണ് ഒരാൾ സുക്കർബർഗിന്റെ പോസ്റ്റിനു കീഴിൽ കമന്റു ചെയ്തിരിക്കുന്നത്.
2012 മെയിലാണ് സക്കർബർഗ് ചാനിനെ വിവാഹം കഴിക്കുന്നത്. അവരുടെ ആദ്യ മകളായ മാക്സിമ ചാൻ സക്കർബർഗ് 2015 ഡിസംബർ ഒന്നിന് ജനിച്ചു. രണ്ടാം മകളായ ഓഗസ്റ്റ് ജനിച്ചത് 2017 ഓഗസ്റ്റിലാണ്. സക്കർബർഗ് ചാൻ ദമ്പതികളുടെ മൂന്നാമത്തെ മകളായ ഒറേലിയ ഇക്കഴിഞ്ഞ മാർച്ച് 24നാണ് ജനിച്ചത്.