ന്യൂയോർക്ക്: ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന കംപ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസിന്റെ പുതിയ പതിപ്പായ വിൻഡോസ് 11ലേക്ക് മാറാൻ പല ഉപയോക്താക്കൾക്കും ഇപ്പോഴും സാധിച്ചിട്ടില്ല, ചിലർ അതിനു വിസമ്മതിക്കുകയും ചെയ്യുന്നു.
കംപ്യൂട്ടറുകൾക്ക് ആവശ്യത്തിനു ഹാർഡ്‌വെയർ കരുത്തില്ലാത്തവർക്കാണ് പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്തത്. അതേസമയം, വിൻഡോസ് 11ലെ മാറ്റങ്ങൾ ഉൾക്കൊള്ളാനാകാത്തവർ തിരിച്ച് വിൻഡോസ് 10 ലേക്കു പോയതും മൈക്രോസോഫ്റ്റിന് തിരിച്ചടിയായിട്ടുണ്ട്.
എന്തായാലും വിൻഡോസ് 10 ൽ ഇനി പുതിയ ഫീച്ചറുകൾ ഉണ്ടാവില്ലെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. അതായത്, വിൻഡോസ് ഉപയോക്താക്കൾ അധികം താമസിയാതെ നേരിടാൻ പോകുന്ന പ്രശ്‌നത്തിനായി ഇപ്പോഴേ ഒരുങ്ങിത്തുടങ്ങണമെന്ന് ചുരുക്കം. വ്യക്തികളാണെങ്കിലും കമ്പനികളാണെങ്കിലും സർക്കാർ സ്ഥാപനങ്ങളാണെങ്കിലും വിൻഡോസ് 11 സ്വീകരിക്കേണ്ടി വരും.
വർഷങ്ങളോളം പഴക്കമുള്ള പല കംപ്യൂട്ടറുകളിലും മൈക്രോസോഫ്റ്റിന്റെ പുതുക്കിയ ഒഎസ് ആയ വിൻഡോസ് 11 പ്രവർത്തിപ്പിക്കാമെന്നൊക്കെ വാദമുണ്ടെങ്കിലും യാഥാർഥ്യം അതല്ലെന്ന് ഇപ്പോൾ വ്യക്തമാണ്. ബിസിനസ് സ്ഥാപനങ്ങളുടെ കാര്യമെടുത്താൽ 70 ശതമാനം കമ്പനികളും ഇപ്പോഴും വിൻഡോസ് 10 ഉപയോഗിക്കുന്നവരാണെന്ന് കംപ്യൂട്ടർ വേൾഡ് റിപ്പോർട്ടു ചെയ്യുന്നു. അതേസമയം, വിൻഡോസ് 7 ന്റെ കാര്യത്തിൽ മൈക്രോസോഫ്റ്റ് കാണിച്ചതു പോലെ ഒരു ലൈഫ്‌ലൈൻ വിൻഡോസ് 10നും നൽകിയേക്കുമെന്നും വാദമുണ്ടെങ്കിലും ഇതിനൊന്നും ഒരു ഉറപ്പുമില്ല.
ഈ സമയത്തിനിടയ്ക്ക് വിൻഡോസ് 10 പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ ഉപയോഗിക്കുന്ന സർക്കാർ സ്ഥാപനങ്ങളും കമ്പനികളും വ്യക്തികളും പുതിയ ഹാർഡ്‌വെയർ വാങ്ങേണ്ടിവരും. അതിനു മുൻപ് ഉപയോക്താക്കൾക്ക് പല തീരുമാനങ്ങളും എടുക്കാനുണ്ട്. പഴയതരം ഡെസ്‌ക്ടോപ് കംപ്യൂട്ടറുകൾ തന്നെ ഇനിയും വാങ്ങി സ്ഥാപിക്കണോ എന്നതാണ് ഇതിൽ മുഖ്യം. സ്വന്തം വീടിന്റെ മുറികളെ പോലെ പരിചിതമായ വിൻഡോസ് 10 ന്റെ മെനുവും കൺട്രോൾ സിസ്റ്റങ്ങളും മൈക്രോസോഫ്റ്റ് വിൻഡോസ് 11ൽ മൊത്തം മാറ്റി എന്ന കാരണത്താൽ പുതിയ ഒഎസിലേക്കു മാറാതെ നിൽക്കാൻ തീരുമാനിച്ച ഗെയിമർമാർക്കും ഐടി പ്രഫഷനലുകൾക്കും പുതിയ തീരുമാനം എടുക്കേണ്ടതുണ്ട്.
വിൻഡോസ് 11 ആദ്യമായി ഉപയോഗിച്ച ഒരു ഉപയോക്താവ് ടെക്‌സ്റ്റ് കട്ട് ആൻഡ് പേസ്റ്റ് ചെയ്യാനായി റ്റൈ് ക്ലിക് ചെയ്തപ്പോൾ അവിടെ കട്ട്, കോപ്പി, പേസ്റ്റ് എന്നൊന്നും കണ്ടില്ല എന്നു പറയുന്നു. പക്ഷേ, എല്ലാം അവിടെ തന്നെയുണ്ട്. എന്നാൽ, ഐക്കണുകളാണ് വിൻഡോസ് 11ൽ ഉള്ളത്. ഇങ്ങനെ പഴയ ശീലങ്ങൾ മാറ്റാൻ താൽപര്യമില്ലാത്തവർക്കും വിൻഡോസ് 10ൽ പരമാവധി തുടരാനാണ് ആഗ്രഹം. അതേസമയം, വിൻഡോസ് 10ലെ കൺട്രോൾ പാനലൊക്കെ വലിയ മാറ്റമൊന്നുമില്ലാതെ വിൻഡോസ് 11ൽ നിലനിർത്തിയിട്ടുമുണ്ട്. വിൻഡോസ് 10 അനുഭവം വിൻഡോസ് 11ൽ വേണ്ടവർക്കായി ചില തേഡ്പാർട്ടി ടൂളുകളും ഇറക്കിയിട്ടുണ്ട്. ഇവയൊക്കെ ഉപയോക്താക്കളെക്കുറിച്ചുള്ള ഡേറ്റ അവരറിയാതെ ശേഖരിക്കുന്നുണ്ടാകുമെന്ന ആശങ്കയും പലരും ഉയർത്തുന്നു. എന്നാൽ, ഒരുകൂട്ടം യൂസർമാർ പറയുന്നത് ഇനി വിൻഡോസിന് നൂതന യൂസർ ഇന്റർഫെയ്‌സ് മതി എന്നാണ്.
ഹാർഡ്‌വെയറിൽനിന്ന് അധിക ശക്തി ഊറ്റിയെടുക്കാനായി ഓവർക്ലോക്കിങ് നടത്തുന്ന ഗെയിമർമാർക്ക് അത് വിൻഡോസ് 10 ലേതു പോലെ സാധിക്കുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഓവർക്ലോക്കിങ് പലപ്പോഴും അനധികൃതമാണ് എന്നതിനാലാണ് മൈക്രോസോഫ്റ്റ് അതിന് പൂട്ടിടാൻ ശ്രമിക്കുന്നതെന്നും വാദമുണ്ട്. ഇതിനു പുറമെ വിൻഡോസ് 11ലെ അധിക സുരക്ഷയും ഗെയിമർമാർക്ക് തലവേദനയാകുന്നു. അതിനാൽ പലരും വിൻഡോസ് അപ്‌ഡേറ്റുകൾ വേണ്ടന്നുവയ്ക്കുന്നു. കൂടാതെ, വിൻഡോസിന്റെ സുരക്ഷാ സംവിധാനമായ ഡിഫെൻഡർ പ്രവർത്തിപ്പിക്കാതിരിക്കുന്നു. ഇതു രണ്ടും വിൻഡോസിന്റെ സുപ്രധാന മേഖലകളാണ്.
വിൻഡോസ് 10 വരെയുള്ള വിൻഡോസ് പതിപ്പുകൾ മിക്ക ഹാർഡ്‌വെയറിലും പ്രവർത്തിപ്പിക്കാം. വിൻഡോസ് 11ൽ അതു നടക്കില്ല. മൈക്രോസോഫ്റ്റ് നിഷ്‌കർഷിക്കുന്ന കരുത്തു വേണം. പഴയ ഹാർഡ്‌വെയർ സപ്പോർട്ട് ചെയ്യില്ല. ഇന്റൽ ഏഴാം തലമുറ വരെയുള്ള കരുത്തുറ്റ കംപ്യൂട്ടറുകളിൽ പോലും വിൻഡോസ് 11 പ്രവർത്തിപ്പിക്കുക എന്നത് വിഷമംപിടിച്ച കാര്യമാണ്. ഇത്തരം ഒരു മസിലുപിടുത്തം പലർക്കും ഇഷ്ടപ്പെടുന്നില്ലെന്നും പറയുന്നു. ഇതിനൊപ്പം മെനുവിൽ കൊണ്ടുവന്ന മാറ്റങ്ങളും റൈറ്റ് ക്ലിക്കിലുള്ള മാറ്റങ്ങളുമൊക്കെ ഉൾക്കൊള്ളാൻ വൈമുഖ്യം കാണിക്കുന്ന ധാരാളം പേരുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. തങ്ങളുടെ സിസ്റ്റം ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാനാണ് ഐടി പ്രഫഷനലുകൾക്ക് ഇഷ്ടം. വിൻഡോസ് 11 അത് പൂർണമായി അനുവദിക്കുന്നില്ലെന്നുള്ളതാണ് അവർ പുതിയ ഒഎസിലേക്കു മാറാൻ വിസമ്മതിക്കുന്നതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.