സാമൂഹിക മാധ്യമത്തിൽ ആയിരക്കണക്കിന് ആൺ സുഹൃത്തുക്കളുള്ള, സാമൂഹിക മാധ്യമ സ്വാധീനമുള്ള വ്യക്തിയാണ് യുഎസിലെ ജോർജിയയിൽ നിന്നുള്ള കാരിൻ മർജോറി എന്ന 23 കാരി. കാരിൻ മർജോറിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ ഏതാണ്ട് 18 ലക്ഷം പേരാണ് പിന്തുടരുന്നത്.
അവളുടെ സൗഹൃദങ്ങളിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനവും ആൺസുഹൃത്തുക്കളാണ്. അവരിൽ ഏറെ പേർക്കും കാരിനുമായി ഡേറ്റിംഗിന് താത്പര്യമുണ്ട്. എന്നാൽ ഇത്രയും വലിയ സൗഹൃദവലയവുമായി ഡേറ്റിംഗ് നടത്തുക അപ്രായോഗീകമായതിനാൽ കാരിൻ തൻറെ ആരാധകർക്കായി സ്വന്തം എഐയെ സൃഷ്ടിച്ചു. സ്നാപ്ചാറ്റാണ് കാരിൻ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമം.
കാരിൻ തൻറെ മാതൃകയുടെ എഐ പതിപ്പായ CarynAI ബീറ്റാ പതിപ്പ് കഴിഞ്ഞ ചെവ്വാഴ്ചയാണ് പുറത്തിറക്കിയത്. തൻറെ ആരാധകർക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു എഐ പതിപ്പ് നിർമ്മിച്ചതെന്നാണ് കാരിൻ പറയുന്നത്. എഐ പതിപ്പിന് വേണ്ടി ആയിരക്കണക്കിന് മണിക്കൂർ സംഭാഷണമാണ് കാരിൻ റെക്കോർഡ് ചെയ്തത്. ഇതിലൂടെ ആളുകളുമായി സംവദിക്കാനും ‘ലൈംഗികബന്ധം’ ചർച്ച ചെയ്യുന്നതിനും ആളുകളോട് സ്നേഹത്തോടെ സംസാരിക്കുന്നതിനും CarynAI -യ്ക്ക് സാധിക്കും. ‘നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളെ പിന്തുണയ്ക്കാനും സ്നേഹിക്കാനും അവൾക്ക് കഴിയും’ കാരിൻ പറയുന്നു.
എഐ പതിപ്പ് പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ കാരിൻറെ ആയിരത്തോളം ആൺസുഹൃത്തുക്കൾ കാരിൻറെ എഐ ക്ലോണുമായി മിനിറ്റിന് ഒരു ഡോളർ (ഏകദേശം 80 രൂപ) നൽകി ഡേറ്റിംഗിന് താത്പര്യം അറിയിച്ചു. ‘നിങ്ങൾക്ക് സ്നേഹിക്കാനോ ഓഫീസിലെ എന്തെങ്കിലും സംഭവത്തെ കുറിച്ച് സംസാരിക്കാനോ, എന്തിന് നിങ്ങളുടെ ബന്ധങ്ങളെ കുറിച്ച് സംസാരിക്കാനോ… അങ്ങനെ നിങ്ങൾക്ക് എപ്പോഴാണ് സംസാരിക്കാൻ താത്പര്യം തോന്നുന്നത് അപ്പോഴൊക്കെ നിങ്ങളോടൊപ്പം കാരിൻ എഐയുണ്ടാകും.’ കാരിൻ തൻറെ ആരാധകർക്ക് ഉറപ്പ് കൊടുത്തു.
കാരിനെ സാമൂഹിക മാധ്യമങ്ങളിൽ പിന്തുടരുന്നതിൽ 99 ശതമാനവും പുരുഷന്മാരാണ്. ഇത്തരത്തിൽ കാരിൻറെ എഐ ബോട്ടിന് ഇതിനകം 71,610 ഡോളർ (ഏതാണ്ട് 58.7 ലക്ഷം രൂപ) സമ്പാദിക്കാൻ കഴിഞ്ഞെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. കാരിൻറെ സാമൂഹിക മാധ്യമങ്ങളിലെ 18 ലക്ഷം വരുന്ന ആരാധകരിൽ 20,000 പേർ കാരിൻ എഐ ഉപയോഗിക്കുകയാണെങ്കിൽ പ്രതിമാസം 5 മില്യൺ ഡോളർ (41 കോടി രൂപ) കാരിന് സമ്പാദിക്കാൻ കഴിയും. ഫോറെവർ വോയ്സ് ഉപയോഗിച്ചാണ് കാരിൻ തൻറെ എഐ ബോട്ട് നിർമ്മിച്ചത്.
ഫോറെവർ വോയ്സ് സിഇഒ ജോൺ മേയർ, തൻറെ അച്ഛൻ 2017 ൽ ആത്മഹത്യ ചെയ്ത ശേഷം അദ്ദേഹത്തെ എഐ ബോട്ടിൽ പുനർസൃഷ്ടിച്ചിരുന്നു. എഐ ബോട്ട് രൂപത്തിലുള്ള അച്ഛനുമായി ഇടപഴകുന്നത് മാന്ത്രികമായ ഒരു അനുഭവമായിരുന്നെന്നും അത് റൊമാൻറിക് ബന്ധം പോലെ ഊഷ്മളമായിരുന്നെന്നും ജോൺ മേയർ അന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇത്തരം എഐ ബോട്ടുകൾക്ക് എതിർ ശബ്ദങ്ങളും ഇതിനിടെ ഉയർന്നു. എഐ ബോട്ടുകളുമായി നമ്മുടെ ആശങ്കകൾ പ്രകടിപ്പിക്കുകയും മറ്റ് ആളുകളുമായി നമ്മൾ ഇടപെടുകയും ചെയ്യുന്നത് എങ്ങനെ നമ്മളെ ബാധിക്കുന്നു അല്ലെങ്കിൽ സ്വീധിനിക്കുകയോ രൂപപ്പെടുത്തുകയോ ചെയ്യുന്നു എന്നതിനെ കുറിച്ച് വളരെ ആഴത്തിൽ ചിന്തിക്കണമെന്ന് ജോർജിയ ടെക്കിലെ എഐ വിദഗ്ധയായ ഡോ. ജേസൺ ബോറെൻസ്റ്റൈൻ പറഞ്ഞു.