രാജ്യത്ത് പണമിടപാടുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന യുണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേയ്‌സ് (യു പി ഐ) സംവിധാനത്തില്‍ പുതിയ മാറ്റം.
ഇനിമുതല്‍ വ്യക്തികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരികളുമായി യു പി ഐ ഇടപാടുകള്‍ നടത്താന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്റെ ആവശ്യമുണ്ടാവില്ല.
യു പി ഐ പ്ലഗ് ഇന്‍ അഥവാ മര്‍ച്ചന്റ് സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് കിറ്റ് (എസ്.ഡി.കെ.) എന്നറിയപ്പെടുന്ന സംവിധാനത്തിലൂടെ പെയ്‌മെന്റ് ആപ്പ് ഇല്ലാതെ വ്യാപാരികള്‍ക്ക് പണം ശേഖരിക്കാം. ഇതിന് പെയ്‌മെന്റ് ഒപ്ഷനില്‍ ഒരു വെര്‍ച്വല്‍ പേയ്മെന്റ് വിലാസം ചേര്‍ക്കാന്‍ ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് സാധിക്കും. ഈ അഡ്രസിലൂടെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായമില്ലാതെ വ്യാപാരികള്‍ക്ക് ഉപയോക്താക്കളുമായി നേരിട്ട് ഇടപാട് നടത്താം. കൂടാതെ പേയ്മെന്റ് ആപ്പുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുമോയെന്നും ഇനി ടെന്‍ഷനടിക്കേണ്ട.
നിലവിലുള്ളതിനേക്കാള്‍ ഇടപാടുകള്‍ വേഗത്തിലും, പെയ്‌മെന്റ് സമയത്ത് ഉണ്ടാകുന്ന തടസങ്ങള്‍ കുറയ്ക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ നേട്ടം. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, അടക്കമുള്ള യു പി ഐ ട്രാന്‍സാക്ഷന്‍ ആപ്ലിക്കേഷനുകള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. പണം നല്‍കാനായി യു പി ഐ തെരഞ്ഞെടുക്കുമ്‌ബോള്‍ തന്നെ മറ്റ് ആപ്ലിക്കേഷനുകള്‍ തുറക്കാതെ ഇടപാടും നടത്തുന്നതിലൂടെ ഇടപാടുകളുടെ വിജയ സാദ്ധ്യത 15 ശതമാനത്തിലധികം വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഉദാഹരണത്തിന്, നിലവില്‍ ഓണ്‍ലൈനായി ഭക്ഷണം വാങ്ങുമ്‌ബോള്‍ പെയ്‌മെന്റ് നല്‍കാന്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകളിലേയ്ക്ക് പ്രവേശിക്കുകയും അതുവഴി പെയ്‌മെന്റ് നല്‍കുകയും അതിന് ശേഷം ഭക്ഷണം വാങ്ങുന്ന മര്‍ച്ചന്റിലേക്ക് തിരിച്ചെത്തുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇനി മുതല്‍ ഭക്ഷണം വാങ്ങുന്ന മര്‍ച്ചന്റിന് നേരിട്ട് പണമടയ്ക്കുന്ന പ്ലഗ് ഇന്‍ ലഭിക്കും. ഇതുമൂലം പെയ്‌മെന്റ് ചെയ്യുമ്‌ബോള്‍ മറ്റൊരു ആപ്പിലേയ്ക്ക് പോകുകയും പെയ്‌മെന്റ് ചെയ്ത് തിരിച്ച് വരികയും ചെയ്യുന്നതിന്റെ സമയനഷ്ടം കുറയും. കൂടാതെ ചിലസമയം കണക്ട് ആവാതെ ഇടപാട് റദ്ദാകുവാനോ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്നതോ ഒഴിവാക്കാന്‍ പുതിയ സംവിധാനിത്തിലൂടെ സാധിക്കും.
പുതിയ സംവിധാനം വെല്ലുവിളിയാകുമെന്ന സൂചനയാണ് ഫോണ്‍പേ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ രാഹുല്‍ ഛാരി നല്‍കിയത്. ഇടപാടുകള്‍ വേഗത്തിലാക്കാനും ഫെയിലിയര്‍ കുറയ്ക്കാനും പ്രത്യേകിച്ച് സാങ്കേതികമായി ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഇടപാടുകളുടെ ഉത്തരവാദിത്തം നിലവിലെ രീതിയില്‍ നിന്ന് ബാങ്കുകളും മര്‍ച്ചന്റ്‌സ് ആപ്പുകളും തമ്മില്‍ നേരിട്ടായി മാറുന്നു. ഇത് കൂടുതല്‍ സങ്കീര്‍ണത ഉണ്ടാക്കുകയും വ്യാപാരികള്‍ അവരുടെ പ്രധാന ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം പെയ്‌മെന്റ് കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ട സ്ഥിതി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ യു പി ഐ പെയ്മന്റുകളില്‍ ഫോണ്‍പേ 47 ശതമാനവും ഗൂഗിള്‍ പേ 33 ശതമാനവും വിപണി വിഹിതം പങ്കിടുന്നുണ്ട്. നിലവില്‍ മൊത്തം യു പി ഐ പേയ്മെന്റുകളുടെ 57 ശതമാനവും വ്യാപാര ഇടപാടുകളാണ്. വ്യാപാര ഇടപാടുകളില്‍ പകുതിയും ഓണ്‍ലൈനാണ്. ഭക്ഷണ വിതരണ ആപ്പുകള്‍ മാത്രമല്ല, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരികളും പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് വന്‍ തിരിച്ചടി നേരിടേണ്ടിവരും.