കാർ ആപ്പുകൾ ലൈംഗിക വിവരങ്ങൾ വരെ ചോർത്തുന്നുവെന്ന് ആരോപണം

Advertisement

ഫോണും വീട്ടുപകരണങ്ങളും കാറുമൊക്കെ കൂടുതൽ സ്മാർട്ടായതോടെ നിങ്ങളുടെ ഏറ്റവും സ്വകാര്യമായ വിവരങ്ങൾ പോലും എപ്പോൾ വേണമെങ്കിലും ചോർന്നേക്കാമെന്നതാണ് അവസ്ഥ. ലോകത്തെ പ്രധാനപ്പെട്ട 25 കാർ നിർമാതാക്കൾ ഉപഭോക്താക്കളുടെ ഏറ്റവും സ്വകാര്യമായ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ വരെ ചോർത്തുന്നുവെന്ന ആരോപണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോസില്ല ഫൗണ്ടേഷനു കീഴിൽ ഒരു കൂട്ടം ഗവേഷകരാണ് ഈ പഠന റിപ്പോർട്ടിനു പിന്നിൽ.

കാറുകളിൽ സ്ഥാപിച്ചിട്ടുള്ള സെൻസറുകളും മൈക്രോഫോണുകളും ക്യാമറകളും ആപ്പുകളുമൊക്കെ ഉപയോഗിച്ചാണ് കാറുടമകളുടെ ഏറ്റവും സ്വകാര്യ വിവരങ്ങൾ പോലും ചോർത്തുന്നുവെന്ന ആരോപണം ഉയരുന്നത്. ചോർത്തുന്ന വിവരങ്ങൾ സാങ്കേതിക കമ്പനികൾക്കും സർക്കാരുകൾക്കും കാർ ഡീലർമാർക്കും ഡാറ്റ ബ്രോക്കർമാർക്കുമൊക്കെ കാർ നിർമാതാക്കൾ വിൽക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. സ്വകാര്യ വിവരങ്ങൾക്കൊപ്പം ഡ്രൈവിങ് ശീലങ്ങളും ഡ്രൈവറുടെ ബൗദ്ധിക നിലവാരവും മുഖ ഭാവങ്ങളും കുടിയേറ്റക്കാരനാണോ എന്നതു തുടങ്ങി ജനിതക വിവരങ്ങൾ വരെ കാർ നിർമാതാക്കൾ ചോർത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ ആരോപണമുണ്ട്.

തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിടില്ലെന്ന് പല കാർ നിർമാതാക്കളും അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് അവകാശവാദത്തിൽ മാത്രം ഒതുങ്ങുകയാണെന്നും സ്വകാര്യതാ നയം വിശദീകരിക്കുന്ന സങ്കീർണ ഭാഷാ പ്രയോഗങ്ങൾ വഴി ഇത്തരം രീതികൾ മറച്ചു പിടിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

‘നമ്മളിൽ പലരും സ്വകാര്യ സ്ഥലമായാണ് കാറുകളെ കാണുന്നത്. അതുകൊണ്ടുതന്നെ ഡോക്ടറെ കാണാനായി ഫോൺ ചെയ്യുന്നതും മക്കളും ഭാര്യയുമൊത്തുള്ള സ്വകാര്യ സംഭാഷണങ്ങൾക്കും പ്രതിസന്ധികളിൽ ഒന്നുറക്കെ കരയാനുമൊക്കെ പലരും കാറുകളെ ഉപയോഗിക്കാറുണ്ട്. പുറം ലോകം അറിയരുതെന്ന് ആഗ്രഹിക്കുന്ന പല സ്ഥലങ്ങളിലൂടെയും കാറുകളെ കൊണ്ടുപോവുകയും ചെയ്യാറുണ്ട്. നമ്മളെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കാത്തത്രയും സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുണ്ട്’ പഠനത്തിന് നേതൃത്വം നൽകിയ ജെൻ കാൾട്രൈഡർ പറയുന്നു.

കാറുകളെ പ്രത്യേകം പരിശോധിക്കുന്നതിനു പകരം കാർ കമ്പനികളുടെ സ്വകാര്യതാ നയങ്ങളും കാറുകളുമായി ബന്ധിപ്പിച്ച ആപ്ലിക്കേഷുകളുടെ പ്രവർത്തനവുമാണ് മോസില്ല ഫൗണ്ടേഷൻ പരിശോധിച്ചത്. കാർ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ദൂരെ നിന്ന് കാർ സ്റ്റാർട്ട് ചെയ്യാനും എസി ഓൺ ആക്കാനും സാധിക്കും. എന്നാൽ നിങ്ങളറിയാതെ നിങ്ങളെക്കുറിച്ചുള്ള പല വിവരങ്ങളും ഈ ആപ്പ് ശേഖരിക്കുന്നുണ്ട്. ഇതിൽ നിങ്ങളുടെ സെക്ഷ്വൽ ആക്ടിവിറ്റി, ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ, ജനിതക വിവരങ്ങൾ എന്നിവയും ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

വൈദ്യുത കാർ കമ്പനികളിലെ മുൻ നിരക്കാരായ ടെസ്‌ലയും സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവരുടെ കൂട്ടത്തിലുണ്ട്. തങ്ങൾ ശേഖരിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ മൂന്നാം കക്ഷിക്ക് നൽകുന്നില്ലെന്ന് ടെസ്‌ല പറയുന്നുണ്ടെിലും വിശ്വസിക്കാൻ വിശ്വസിക്കാൻ പ്രയാസമാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ഉപഭോക്താക്കളുടെ പേരും ലിംഗവും ഡ്രൈവിങ് ശീലങ്ങളും അടങ്ങുന്ന വിവരങ്ങൾ ഇവർ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

ലോക പ്രശസ്തമായ പല കമ്പനികളെക്കുറിച്ചും മോസില്ല റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്മാർട്ട് കാറുകൾ വ്യാപകമായതോടെ നാലു ചക്രങ്ങളിൽ ഓടുന്ന കമ്പ്യൂട്ടറുകളെ പോലെയായിട്ടുണ്ട് പല കാറുകളും. അതുകൊണ്ടുതന്നെ നമ്മളെക്കുറിച്ച് നമ്മൾ പോലും അറിയാത്ത പല വിവരങ്ങളും ശേഖരിക്കാനും ദുരുപയോഗം ചെയ്യാനുമുള്ള അവസരം ഇത്തരം കാറുകൾ വഴിയുണ്ടാവുന്നുവെന്ന മുന്നറിയിപ്പാണ് മോസില്ല ഫൗണ്ടേഷൻ റിപ്പോർട്ട് നൽകുന്നത്.