രാജ്യത്തെ സ്മാർട്ട് ഫോൺ വിപണിയിലെ ഒന്നാമൻ ആരെന്ന് അറിയണോ?

Advertisement

രാജ്യത്തെ സ്മാർട്ട് ഫോൺ വിപണി കീഴടക്കിയ കമ്പനികളുടെ പട്ടിക പുറത്ത്. ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് ആണ് പട്ടികയിൽ ഒന്നാമതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു.

സ്മാർട്ട് ഫോൺ മാർക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഇറക്കുമതിയിലെ 79 ലക്ഷം യൂണിറ്റുകളുമാണ് സാംസങ്ങിന്റെ നേട്ടത്തിന് കാരണമായത്. ചൈനീസ് കമ്പനിയായ ഷവോമിയാണ് രണ്ടാമത്. 76 ലക്ഷം യൂണിറ്റാണ് ഷവോമിയുടെ ഇറക്കുമതി. പോക്കറ്റ് കീറാത്ത ബജറ്റ് ഫ്രണ്ടലി 5ജി മോഡലുകൾ വിപണിയിൽ ഇറക്കിയതാണ് ഇരു കമ്പനികളുടെയും നേട്ടത്തിന് കാരണമായി വിലയിരുത്തുന്നത്.

72 ലക്ഷം യൂണിറ്റുമായി ചൈനീസ് കമ്പനിയായ വിവോയാണ് മൂന്നാം സ്ഥാനത്ത്. നാലാമത് റിയൽമി (5.8 മില്യൺ യൂണിറ്റ്). ഓപ്പോയാണ് അഞ്ചാമത്,(4.4 മില്യൺ യൂണിറ്റ്). പ്രീമിയം മോഡലുകളുടെ വിപണിയിലും വളർച്ചയുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. സാംസങ്ങ് എസ്23 സീരിസുകളും ആപ്പിളിന്റെ ഐഫോൺ 14, 13 മോഡലുകളും ഓൺലൈൻ കമ്പനികളുടെ ഫെസ്റ്റിവൽ വിപണിയിലൂടെ ആകർഷണീയ വിലയിൽ ലഭിച്ചതാണ് വളർച്ചയ്ക്ക് കാരണമായി വിലയിരുത്തുന്നത്. സിംഗപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്മാർട്ട് ഫോൺ വിപണി ഗവേഷണ സ്ഥാപനമായ കനാലിസിന്റേതാണ് റിപ്പോർട്ട്.