ചെന്നൈ: ആമസോൺ ഇന്ത്യയുടെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഓഫീസ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.
ചെന്നൈയിലെ പെരുങ്കുടിയിൽ വേൾഡ് ട്രേഡ് സെൻററിലാണ് ഈ ഓഫീസ്. 6000 പേർക്ക് ഒന്നിച്ച് ജോലി ചെയ്യാനുള്ള സൗകര്യം ഓഫീസിലുണ്ട്.
ഇ-കൊമേഴ്‌സ് കമ്പനിയുടെ പുതിയ ഓഫീസ് സംസ്ഥാനത്തെ സമ്പദ്ഘടനയ്ക്ക് പല രീതികളിൽ ഗുണം ചെയ്യുമെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതുമായ ആമസോണിൻറെ കൂടുതൽ നിക്ഷേപം സംസ്ഥാനം ഉറ്റുനോക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.
തമിഴ്‌നാട്ടിലെ ആമസോണിൻറെ നാലാമത്തെ ഓഫീസാണിത്. പെരുങ്കുടിയിലെ വേൾഡ് ട്രേഡ് സെൻററിൽ 18 നിലകളാണ് ആമസോൺ എടുത്തിരിക്കുന്നത്. 2005ലാണ് ആമസോൺ തമിഴ്‌നാട്ടിൽ പ്രവർത്തനം തുടങ്ങുന്നത്. അന്ന് വെറും 50 ജീവനക്കാർ മാത്രമായിരുന്നു. ഇന്നത് 14,000 ആയി വളർന്നു.
ആമസോൺ അവരുടെ ആദ്യ ഉപകരണ നിർമ്മാണ യൂണിറ്റ് ഇന്ത്യയിൽ ആരംഭിച്ചത് ചെന്നൈയിലാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ഉപഭോക്താക്കൾക്ക് ഇന്ന് പതിനായിരക്കണക്കിന് ഫയർ ടിവി സ്റ്റിക് നിർമ്മിക്കുന്നത് ഇവിടെയാണ്. ഇതെല്ലാം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ തമിഴ്‌നാട്ടിൽ സൃഷ്ടിക്കുന്നതിനും സഹായകരമായെന്നും ആമസോൺ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ടെലിവിഷനിൽ മ്യൂസ് പ്ലേ ചെയ്യാനും വീഡിയോ സ്ട്രീം ചെയ്യാനും ആപുകൾ ഇൻസ്റ്റാൾ ചെയ്യാനും സഹായിക്കുന്ന ഒന്നായ ആമസോണിൻറെ ഫയർ ടിവി സ്റ്റിക്കുകൾക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. ആൻഡ്രോയ്ഡ് പ്ലാറ്റ് ഫോമിൽ നിർമ്മിച്ചതിനാൽ ഈ ടിവി ഫയർ സ്റ്റിക് നിങ്ങളുടെ സാദാ ടിവിയെ സ്മാർട്ട് ടിവിയാക്കി മാറ്റുന്നു. ആൻഡ്രോയ്ഡ് ആപുകൾ ഡൗൺലോഡ് ചെയ്ത് ഗെയിമുകൾ കളിക്കാനുമാകും.