ഭോപ്പാൽ: ഇന്ത്യയിലെ ആദ്യത്തെ 5ജി സേവനം ലഭിക്കുന്ന സ്മാർട്ട് സിറ്റി ആകാനൊരുങ്ങി ഭോപ്പാൽ. മദ്ധ്യപ്രദേശ് സർക്കാരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അടുത്ത നാല് മാസത്തിനുള്ളിൽ മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരം തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ 5ജി സേവനം നൽകി തുടങ്ങും. പൗരന്മാർക്ക് അതിവേഗ ഇന്റർനെറ്റ് ലഭിക്കാൻ ഇത് സഹായകമാകും. ഈ പ്രഖ്യാപനത്തോടെ രാജ്യത്തെ ആദ്യ 5ജി സേവനം ലഭിക്കുന്ന നഗരമായി ഭോപ്പാൽ മാറുമെന്നും ടെലികോം വകുപ്പ് പറഞ്ഞു.
അടുത്ത നാല് മാസത്തിനുള്ളിൽ ആരംഭിക്കുന്ന പൈലറ്റ് പ്രോജക്ടിൽ 5ജിയുടെ ട്രയൽ നടത്താൻ സർക്കാരും രാജ്യത്തെ ടെലികോം കമ്പനികളിൽ ഒന്നും തമ്മിൽ ധാരണയിലെത്തും. എന്നാൽ ഏത് കമ്പനിയെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രാജ്യത്ത് 5ജി സേവനങ്ങളുടെ വാണിജ്യ വിന്യാസം ഈ വർഷം അവസാനത്തോടെ തന്നെ ആരംഭിച്ചേക്കുമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.
5ജിയുടെ സ്‌പെക്‌ട്രത്തിന്റെ ലേലം ഈ വർഷം മദ്ധ്യത്തോടെ നടക്കാനിടയുണ്ട്. എന്നാൽ ഇതിലും കൃത്യമായ വിശദാംശങ്ങൾ ലഭ്യമല്ല. തിരഞ്ഞെടുത്ത നഗരങ്ങളിൽ ഇതിനോടകം തന്നെ 5ജി ട്രയൽ സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ടെലികോം വകുപ്പ് അറിയിച്ചിരുന്നു. ഗുരുഗ്രാം, ബംഗളൂരു, കൊൽക്കത്ത, മുംബയ്, ചണ്ഡീഗഡ്, ഡൽഹി, ജാംനഗർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലക്നൗ, പുനെ, ഗാന്ധിനഗർ എന്നിവയാണ് തിരഞ്ഞെടുത്ത നഗരങ്ങൾ. ഭോപ്പാൽ ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ മദ്ധ്യപ്രദേശ് സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചു.
ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനികളായ എയർടെൽ, ജിയോ വിഐ എന്നിവയൊന്നും ഭോപ്പാലിൽ ട്രയൽ സൈറ്റുകളെക്കുറിച്ചുള്ള വിശംദാംശങ്ങളെ പറ്റി പ്രതികരിച്ചിട്ടില്ല. പക്ഷെ മൂന്ന് കമ്പനികളും മറ്റ് പ്രധാന നഗരങ്ങളിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. സ്‌പെക്‌ട്രം ലേലം നടന്നാലുടൻ രാജ്യത്ത് 5ജി സേവനം 4ജി നിരക്കിൽ നൽകാൻ തയ്യാറാണെന്ന് എയർടെൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജിയോയ്ക്കും വി ഐയ്ക്കും സമാനമായ പ്ലാനുകൾ ഉണ്ടെന്നാണ് വിവരം.