കിടിലൻ മാറ്റങ്ങൾ അവതരിപ്പിച്ച് വാട്സ്ആപ്പ്

Advertisement

ന്യൂയോർക്ക്: ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വാട്ട്‌സ്‌ആപ്പ് വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു.

ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നത് മുതൽ വോയിസ് കോളിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്തുന്നതടക്കമുള്ള കൂടുതൽ സൗകര്യങ്ങളാണ് ഇനി വരാനിരിക്കുന്നത്. പുതിയ മാറ്റങ്ങൾ വരും ആഴ്ചകളിലായി പുറത്തിറക്കും. ഏറ്റവും പുതിയ അഞ്ച് മാറ്റങ്ങൾ ഇങ്ങനെയാണ്.

ഇമോജി റിയാക്ഷൻസ്: ഇൻസ്റ്റാഗ്രാമിനും ഫേസ്ബുക്കിനും സമാനമായി ചാറ്റിനകത്ത് ഇമോജി റിയാക്ഷൻ നൽകാൻ കഴിയുന്നതാണ് പുതിയ മാറ്റം. ഗ്രൂപ്പിനകത്തോ വ്യക്തിഗതമായോ സന്ദേശങ്ങൾ അയക്കുമ്പോൾ അതിനോടുള്ള പ്രതികരണം എന്ന തരത്തിൽ ഈ ഓപ്ഷൻ ഇനി മുതൽ ഉപയോഗിക്കാം. ഇതിലൂടെ ചാറ്റിനകത്തെ അനാവശ്യ സന്ദേശങ്ങൾ കുറക്കാനും സാധിക്കും.

അഡ്മിൻമാർക്ക് കൂടുതൽ അധികാരം: ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് തെറ്റായ, പ്രശ്നമുള്ള സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് പുതിയ അപ്ഡേറ്റിലൂടെ സാധിക്കും.

ഫയൽ ഷെയറിങ്: നിലവിൽ 100 എം.ബി വരെയുള്ള ഫയലുകൾ മാത്രമേ വാട്ട്സ് ആപ്പിനകത്ത് പങ്കുവെക്കാൻ സാധിക്കൂ. പുതിയ അപ്ഡേറ്റിലൂടെ ഇത് 2 ജിബി വരെ കൂടുതലായി ഉപയോഗിക്കാം.

നീണ്ട വോയ്‌സ് കോളുകൾ: വാട്ട്‌സ്‌ആപ്പിലെ ഈ പുതിയ മാറ്റത്തിലൂടെ ഒരു ഗ്രൂപ്പ് വോയ്‌സ് കോളിൽ 32 പേരെ വരെ അനുവദിക്കാം. നിലവിൽ എട്ട് പേർക്ക് മാത്രമാണ് ഒരു ഗ്രൂപ്പ് വോയ്‌സ് കോളിൽ ഭാഗമാകാൻ സാധിക്കൂ. പുതിയ സംവിധാനത്തിലൂടെ 32 പേർക്ക് വരെ ഒറ്റ-ക്ലിക്കിൽ വോയ്‌സ് കോളിംഗ് അനുവദിക്കും.

കമ്മ്യൂണിറ്റികൾ: പൊതുവായ താൽപ്പര്യമുള്ള ഗ്രൂപ്പുകളെ ഒരുമിച്ചു ഒരൊറ്റ പോയിന്റിൽ ലഭ്യമാക്കുന്ന പുതിയ ഫീച്ചറാണിതെന്നാണ് വാട്ട്സ് ആപ്പ് അറിയിക്കുന്നത്. ഒരൊറ്റ കേന്ദ്രത്തിന് കീഴിൽ വരുന്ന ഗ്രൂപ്പുകളെയെല്ലാം ഒന്നിച്ചുചേർത്ത് വാട്ട്സ് ആപ്പിന്റെ മറ്റെല്ലാ ഫീച്ചറുകളും എളുപ്പത്തിൽ ലഭ്യമാക്കുന്നതാണ് ഈ പുതിയ സംവിധാനം. ഇതിന്റെ ഇന്റർഫേസ് ഇതുവരെ അന്തിമമായിട്ടില്ലെന്ന് വാട്ട്സ് ആപ്പ് അറിയിച്ചു.

Advertisement