താലൂക്കാശുപത്രി വികസനം;ഒന്നാംഘട്ടം ഉദ്ഘാടനം ഇന്ന്

Advertisement

കരുനാഗപ്പള്ളി . കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി വികസനത്തിന്റെ ഭാഗമായി 12 കോടി രൂപ ഉപയോഗിച്ച് പൂർത്തിയാക്കിയ ഒന്നാം ഘട്ടത്തിൻ്റെ പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് മുൻസിപ്പൽ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.നിലവിലുണ്ടായിരുന്ന 2 നിലകളുടെ മുകളിൽ 2 നിലകൾ കൂടി നിർമ്മിച്ചാണ് ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായിരിക്കുന്നത്. ഇവിടെ എ എം ആരിഫ് എംപി മുൻകൈ എടുത്ത് ഐആർഇ യുടെ സിഎസ്ആർ ഫണ്ടിൽ നിന്നും 1 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഐ സി യൂണിറ്റും പ്രവർത്തനസജ്ജമായിട്ടുണ്ട്.

കൂടാതെ നഗരസഭ ആലപ്പാട് ഒന്നാം ഡിവിഷൻ, മാൻനിന്നവിള, ചെമ്പകശ്ശേരി കടവ് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകൾ എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വെള്ളിയാഴ്ച വൈകിട്ട് നാലിന് താലൂക്ക് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിക്കും. ഹെൽത്ത് ആൻഡ് വെനസ് സെൻ്ററുകൾ എ എം ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. ക്യാൻസർ വാർഡിന്റെ ഉദ്ഘാടനം ഡോ സുജിത്ത് വിജയൻ പിള്ള എംഎൽഎയും, ഐസി യൂണിറ്റിന്റെ ഉദ്ഘാടനം ഐആർഇഎൽ സിഎംഡി ദീപേന്ദ്രസിംഗ് നിർവഹിക്കും. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനാകും. ഐസി യൂണിറ്റിൽ 10 കിടക്കകളും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കാൻസർ വാർഡിൽ15 കിടക്കകളുമാണുള്ളത്.

നിലവിൽ നീണ്ടകര ക്യാൻസർ കെയർ സെൻ്ററിൽ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇനി മുതൽ ഇവിടെ നിന്നും ലഭ്യമാകും.ഒന്നാം ഘട്ടമായി പൂർത്തിയായ കെട്ടിടത്തിൽ മെയിൽ, ഫീമെയിൽ വാർഡുകൾ മെഡിക്കൽ വാർഡ്, സർജിക്കൽ വാർഡ്, ലാബ്, ആശുപത്രി സൂപ്രണ്ടിൻ്റെയും നഴ്സിംഗ് സൂപ്രണ്ടിന്റെയും ഓഫീസുകൾ എന്നിവ പ്രവർത്തിക്കും. ഏറ്റവും മുകളിലായി ആധുനിക ഓപ്പറേഷൻ തീയേറ്റർ സംവിധാനവും ഒരുക്കും. രണ്ടാംഘട്ടമായി നിർമ്മാണം പുരോഗമിക്കുന്ന ഒൻപതു നില കെട്ടിടത്തിൽ മൂന്നു നിലകൾ പൂർണ്ണമായും ഒ പി സംവിധാനത്തിനായി മാറ്റിവയ്ക്കും. ഇതോടെ ഒ പി വിഭാഗത്തിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിക്കും തിരക്കും അസൗകര്യങ്ങളും പൂർണമായും ഒഴിവാകും. 40 ഓളം മുറികൾ അടങ്ങിയ പേ വാർഡും ഇവിടെ സജ്ജീകരിക്കും.മുൻ എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത് എം എൽ എ യായിരുന്ന ആർ രാമചന്ദ്രൻ മുൻകൈ എടുത്ത് താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി കിഫ്ബി യിൽ നിന്നും അനുവദിച്ച 69 കോടി രൂപ വിനിയോഗിച്ചാണ് താലൂക്ക് ആശുപത്രിയുടെ ഒന്നും രണ്ടും ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിലൂടെ 1,15,000 സ്ക്വയർ ഫീറ്റ് കെട്ടിട സമുച്ചയം പൂർത്തിയാക്കുന്നത്.ഒന്നാം ഘട്ടത്തിൽ പൂർത്തിയായ കെട്ടിടവും സുനാമി ബിൽഡിങ്‌ നിൽക്കുന്ന സ്ഥലത്തുനിന്ന്‌ പടിഞ്ഞാറോട്ട് ഒൻപത് നിലയിലായി നിർമിക്കുന്ന കെട്ടിടവും തമ്മിൽ മൂന്നാമത്തെ നിലയിൽ ബന്ധിപ്പിക്കും.പുതിയ ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ നിർമിക്കുന്ന സർവീസ് റോഡിലൂടെയാകും ആശുപത്രിയിലേക്കുള്ള പ്രധാന പ്രവേശന കവാടം. ഗ്രീൻ ബിൽഡിങ്‌ സാങ്കേതികവിദ്യയാണ്‌ നിർമാണത്തിന്‌ ഉപയോഗിക്കുക. ദുരന്തഘട്ടങ്ങളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന. കെഎസ്ഇബി സിവിൽ വിഭാഗത്തിനാണ് നിർമ്മാണ ചുമതല. വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ ഡോ പി മീന, എം ശോഭന, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്,എൽ ശ്രീലത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ തോമസ് അൽഫോൺസ്, നഗരസഭാ സൂപ്രണ്ട് വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം: താലൂക്കാശുപത്രിയിലെ ഒന്നാം ഘട്ട നിർമ്മാണത്തിൻ്റെ ഭാഗമായിേപൂർത്തിയായ കെട്ടിടം.

Advertisement