കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാനും രാജ്യത്തെ പ്രധാന വ്യവസായിയുമായ എം എ യൂസഫലിയുടെ തോളിൽ അവിചാരിതമായി കൈയിട്ട് യുവാവ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.
സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ തടയാൻ ശ്രമിച്ചെങ്കിലും യുവാവിനെ സെൽഫിയെടുക്കാൻ യൂസഫലി അനുവദിച്ചു. സെൽഫിക്ക് ശേഷം കുശലസംഭാഷണത്തോടെയാണ് യൂസഫലി യുവാക്കളെ പറഞ്ഞയച്ചത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിക്കാനും വീട്ടുകാരെ ആശ്വസിപ്പിക്കാനും പുതുപ്പള്ളിയിൽ എത്തിയപ്പോഴാണ് രസകരമായ സംഭവം.
ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മടങ്ങുവാനായി ഹെലിപ്പാഡിൽ എത്തിയതായിരുന്നു യൂസഫലിയും സംഘവും. ജോർജിയൻ സ്കൂൾ മൈതാനത്തായിരുന്നു ഹെലികോപ്ടർ. കോപ്ടറിന് സമീപം എത്തിയപ്പോൾ രണ്ടു യുവാക്കൾ സെൽഫി ആവശ്യവുമായി എന്നു ചോദിച്ച് അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം മടിച്ചു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് യുവാവ് യൂസഫലിയുടെ തോളിൽ കയ്യിട്ടതോടെ ഉദ്യോഗസ്ഥർ തടഞ്ഞു. എന്നാൽ, യുവാവിന്റെ കൈ തോളിലിടാൻ അനുവദിച്ച് യൂസഫലി സെൽഫിക്ക് നിന്നുകൊടുത്തു.
എന്നാൽ എല്ലാവരെയും അതിശയിപ്പിച്ച് യൂസഫലി തന്നെ യുവാവിന്റെ കെപിടിച്ച് തന്റെ തോളിൽ വീണ്ടും ഇട്ട് സെൽഫിക്ക് സന്തോഷത്തോടെ നിന്നു കൊടുത്തു. കൈമാറ്റിച്ചത് ശരിയായില്ലെന്ന് പറഞ്ഞ യൂസഫലി ആ കൈ അവിടെ ഇരുന്നാൽ ഒന്നും സംഭവിക്കാനില്ലെന്നും പറഞ്ഞു. യുവാവിന് അൽപം ഔചിത്യം കാണിക്കാമായിരുന്നു എന്ന് ചിലർ ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ യുവാവും ചിരിച്ച് യൂസഫലിയും കൈ കൊടുത്തു പിരിഞ്ഞു.