ഗൃഹപ്രവേശത്തിനു നാട്ടിലെത്താനിരുന്ന വിദ്യാര്‍ഥി കര്‍ണാടകയിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി

Advertisement

ചെങ്ങന്നൂര്‍.ഗൃഹപ്രവേശത്തിനു നാട്ടിലെത്താനിരുന്ന വിദ്യാര്‍ഥി കര്‍ണാടകയിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി. ചെങ്ങന്നൂര്‍ ചെറിയനാട് തോന്നയ്ക്കാട് സ്വദേശി എം.അഖിലേഷാണ് (20) മരിച്ചത്.

കര്‍ണാടക കോലാര്‍ ശ്രീദേവരാജ് യുആര്‍എസ് മെഡിക്കല്‍ കോളജിലെ ബിപിടി 2ാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

അഖിലേഷിന്റെ ചെറിയനാട്ടെ വീടിന്റെ ഗൃഹപ്രവേശം ഇന്നു നടക്കാനിരിക്കെയാണ് സംഭവം. അഖിലേഷിന് നാട്ടിലെത്താന്‍ വെള്ളിയാഴ്ച രാത്രിയിലേക്ക് വിമാനടിക്കറ്റ് എടുത്തു നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കോളേജ് അധികൃതര്‍ അവധി നല്‍കിയില്ലെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും ബന്ധുക്കള്‍ ആരോപിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് അഖിലേഷ് ഹോസ്റ്റല്‍ മുറിയിലേക്ക് പോയിരുന്നു. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും മുറി തുറന്നില്ല. ഇതോടെ മറ്റു വിദ്യാര്‍ഥികള്‍ കതക് പൊളിച്ച്‌ അകത്തു കടന്നപ്പോഴാണ് ജനലിലെ കമ്ബിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ അഖിലേഷിനെ കണ്ടെത്തിയത്. മധ്യപ്രദേശില്‍ ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനായ എം.സി.മനുവിന്റെയും വി.ജെ.ശ്രീകലയുടെയും മകനാണ്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടന്നു.