കുട്ടികളോട് പൊട്ടിത്തെറിക്കുന്ന മാതാപിതാക്കളറിയാൻ

Advertisement

നമ്മിൽ പലരും കുഞ്ഞുങ്ങളോട് നിയന്ത്രണം വിട്ട് ബഹളം വെക്കുന്നവരാണ്. അനുസരണക്കേട് കാട്ടുമ്പോഴോ കുസൃതികൾ അതിര് കടക്കുമ്പോഴോ ആണ് നമ്മളും പരിധി വിട്ട് പോകുന്നത്.

ദേഷ്യപ്പെട്ടതിന് ശേഷം അവർക്ക് തന്നെ അതോർത്ത് സങ്കടവുമാകും. അമിതമായ ഫോൺ ഉപയോഗം, കുഞ്ഞുങ്ങൾക്ക് നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ സാധിക്കാതിരിക്കുക തുടങ്ങിയ നിരവധി കാര്യങ്ങളുണ്ടെങ്കിലും കുഞ്ഞുങ്ങളോട് അമിതമായി ഒച്ചയെടുത്തതാണ് ഏറ്റവും കൂടുതൽ കുറ്റബോധം ഉണ്ടാക്കിയ കാര്യമെന്ന് അടുത്തിടെ നടത്തിയ ഒരു സർവ്വേയിൽ കൂടുതൽ മാതാപിതാക്കളും പറഞ്ഞു.

കാര്യം ഇങ്ങനെയാണെങ്കിൽ കുഞ്ഞുങ്ങളുടെ നേരെയുള്ള ഈ ഒച്ചയിടൽ ഒഴിവാക്കാൻ എന്ത് ചെയ്യും? പീസ്ഫുൾ പാരന്റ്, ഹാപ്പി കിഡ്‌സ്: ഹൗ ടു സ്റ്റോപ്പ് യെല്ലിങ് ആൻഡ് സ്റ്റാർട്ട് കണക്ടിംഗ് (Peaceful Parent, Happy Kids: How to Stop Yelling and Start Connecting) എന്ന പ്രസിദ്ധമായ പുസ്തകമെഴുതിയ ഡോക്ടർ ലോറ മർഖാന്റെ അഭിപ്രായത്തിൽ മാതാപിതാക്കളുടെ ശീലങ്ങൾ മാറ്റുകയാണ് ഇതിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം.

ശീലം മാറ്റുന്നതിന്റെ ആദ്യപടി ഏത് കാര്യത്തിനും ആവശ്യമില്ലാതെ കുഞ്ഞുങ്ങളോട് ഒച്ചയെടുക്കില്ലെന്ന് സ്വയം തീരുമാനിക്കലാണ്. മാതാപിതാക്കൾ ഈ തീരുമാനം എടുക്കുന്നതോടെ ഒച്ചയെടുക്കുക എന്നുള്ളതല്ല ആദ്യത്തെ റിഫ്‌ലക്‌സ് ആക്ഷൻ (reflex action) എന്ന് തലച്ചോറിന് ബോധ്യമാകും. അതുകൊണ്ട് മാത്രം ആയില്ല. ഇത് പ്രവൃത്തിപഥത്തിൽ എത്തിക്കാൻ അത്യാവശ്യമായി ചെയ്യേണ്ട നാല് കാര്യങ്ങളുണ്ട്.

ഒന്നാമതായി ചെറിയ കാര്യങ്ങൾക്ക് ഒച്ചയെടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. അപ്പോൾ മനസ്സിലാകും എത്ര ചെറിയ കാര്യങ്ങൾക്ക് വേണ്ടിയാണ് ഇത്ര നാളും ബഹളം വെച്ചിരുന്നതെന്ന്. രണ്ടാമതായി ദിവസവും പത്ത് മിനിറ്റ് ശാന്തമായി ധ്യാനിക്കുക. നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ദേഷ്യം കുറയുന്നത് നിങ്ങൾക്ക് കാണാനാകും.

മൂന്നാതായി കുഞ്ഞുങ്ങളോട് ഒച്ചയെടുക്കാൻ തോന്നുമ്പോൾ പ്രയോഗിക്കാൻ ഒരു നല്ല വാക്ക് കണ്ട് പിടിക്കുക. പൊട്ടിത്തെറിക്കുമെന്ന് തോന്നുമ്പോൾ അത് മനസ്സിൽ പലയാവർത്തി പറയുക. കുഞ്ഞുങ്ങളോട് ഒച്ച വെക്കാതെ ശാന്തമാക്കാൻ ഇത് സഹായിക്കും.

ഏത്ര വട്ടം ഒച്ച വെച്ചാലും എത്ര ഉച്ചത്തിൽ അലറിയാലും കുഞ്ഞുങ്ങൾ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യണമെന്നില്ല. അപ്പോൾ നാലാമതായി ചെയ്യാവുന്ന കാര്യം കുഞ്ഞിന്റെ തലത്തിലേക്ക് താഴുകയാണ്. അവരെ ഒന്ന് കെട്ടിപ്പിടിച്ചു അവരുടെ ബുദ്ധിമുട്ട് മനസ്സിലാകുന്നുണ്ടന്ന് പറയുക. അവർക്കത് പുതിയ വെട്ടം പകരും. നിങ്ങളും അറിയാതെ ശാന്തരാകും.

Advertisement