ഇന്ത്യയിലേക്കുള്ള സർവീസുകൾ പൂർണമായും റദ്ദാക്കി ഒമാൻ വിമാന കമ്പനി

Advertisement

മസ്‌കത്ത്: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് അടുത്ത മാസം ഒന്ന് മുതൽ നിർത്തുന്നു. വെബ്‌സൈറ്റിൽ നിന്ന് ഒക്ടോബർ ഒന്ന് മുതൽ ബുക്കിങ് സൗകര്യവും നീക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവീസുകൾ നിർത്തുന്നതെന്ന് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി വ്യക്തമാക്കി.
നേരത്തെ ടിക്കറ്റ് റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാർക്കും സർവീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവർക്ക് പൂർണമായും ടിക്കറ്റ് തുക റീഫണ്ട് നൽകും. ടിക്കറ്റ് റീ ഫണ്ട് ലഭിക്കുന്നതിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജൻസികളെയോ ബന്ധപ്പെടാവുന്നതാണ്.

മസ്‌കത്തിൽ നിന്ന് തിരുവനന്തപുരം, ലക്ക്‌നൗ, ജൈപ്പൂർ സെക്ടറുകളിലേക്കും സലാലയിൽ നിന്ന് കോഴിക്കേട്ടേക്കുമാണ് നിലവിൽ സലാം എയറിന്റെ ഇന്ത്യയിലേക്ക് നേരിട്ടുള്ള സർവീസുകൾ. ചില കണക്ഷൻ സർവീസുകളും നടത്തിവരുന്നുണ്ട്. ഒക്‌ടോബർ ഒന്ന് മുതൽ ഈ സെക്ടറുകളിൽ ടിക്കറ്റിംഗ് ബുക്കിങ് നടക്കുന്നില്ല. സലാം എയർ അടുത്തിടെ പ്രഖ്യാപിച്ച ഒക്‌ടോബർ ഒന്ന് മുതൽ കോഴിക്കോട്ടേക്കുള്ള പുതിയ സർവീസും റദ്ദാക്കിയവയിൽ പെടുന്നു.

അതേസമയം, എത്ര കാലത്തേക്കാണ് സർവീസ് നിർത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് വിശദീകരണം ഉണ്ടായിട്ടില്ല. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്ന സലാം എയറിന്റെ പിൻമാറ്റം സാധാരണക്കാരായ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ തിരിച്ചടിയാണ്. സർവീസുകൾ കുറയുന്നതോടെ ടിക്കറ്റ് നിരക്കുകൾ ഉയരാൻ ഇത് കാരണമാകും. നിരവധി പേരാണ് സലാം എയറിനെ ആശ്രയിച്ചിരുന്നതെന്നും അടുത്ത മാസങ്ങളിലേക്ക് ടിക്കറ്റെടുത്തിരുന്ന മുഴുവൻ ആളുകൾക്കും ടിക്കറ്റുകൾ റീ ഫണ്ട് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുയാണെന്ന് ട്രാവൽ ഏജൻസികളും പറയുന്നു.

Advertisement