അഞ്ചല്‍: ഇരുതല മൂരിയുമായി യുവാവിനെ നിലമേല്‍ നിന്നും അഞ്ചല്‍ വനപാലകര്‍ അറസ്റ്റ് ചെയ്തു. നിലമേല്‍ തട്ടത്ത് മലയില്‍ വിഷ്ണു(28) ആണ് ഇരുതലമൂരിയുമായി അറസ്റ്റിലായത്. വിഷ്ണുനൊപ്പം ഉണ്ടായിരുന്ന നിലമേല്‍ കണ്ണംകോട് സ്വദേശി സിദ്ദിഖ് ഓടി രക്ഷപ്പെട്ടു. സിദ്ധിഖിന് വേണ്ടി വനപാലകര്‍ അന്വേഷണം നടത്തി വരികയാണ്.
നിലമേല്‍ ജംഗ്ഷന് സമീപം അറസ്റ്റിലായ വിഷ്ണുവും ഒളിവില്‍ പോയ സിദ്ദിഖും ചേര്‍ന്ന് ഇരുതലമൂരിയെ ആവശ്യകാര്‍ക്ക് കൈമാറാന്‍ വേണ്ടി കാത്തുനില്‍ക്കുന്നതിനിടെയാണ് വിഷ്ണു വനപാലകരുടെ പിടിയിലായത്. 147 സെന്റിമീറ്റര്‍ നീളവും 4 കിലോയോളം തൂക്കുമുള്ള ഇരുതലമൂരിയ്ക്ക് വിപണിയില്‍ ഒരു കോടി രൂപ വില വരുമെന്ന് വനപാലകര്‍ പറഞ്ഞു. അഞ്ചല്‍ റേഞ്ച് ഓഫീസര്‍ ടി.എസ് സജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഏഴംകുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എന്‍. അനില്‍കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഉല്ലാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനവും പനപാലകര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.