വർണ്ണാഭമായി അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങൾ; അനുഗ്രഹം തേടി മോഹന്‍ലാലും

Advertisement

കൊല്ലം: അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിൽ മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങൾ വർണ്ണാഭമായി നടന്നു. രാവിലെ ഗണപതിഹോമവും ലളിതസഹ്രസനാമം അർച്ചനയും സത്​സംഗവും നടന്നു.

മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരിയാണു സത്​സംഗം നടത്തിയത്. രാവിലെ ഏഴേമുക്കാലിനു സംഗീതസംവിധായകൻ രാഹുൽ രാജിന്റെയും സംഘത്തിന്റെയും സംഗീത പരിപാടി നാദാമൃതം നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ തുടങ്ങി നിരവധി പ്രമുഖർ സപ്തതി ആഘോഷത്തിൽ പങ്കെടുത്തു.

ഒമ്പതുമണിക്കു വേദിയിലെത്തിയ മാതാ അമൃതാനന്ദമയിയെ മോഹൻലാല്‍ വരവേറ്റു. അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന മോഹന്‍ലാല്‍ ഹാരമര്‍പ്പിച്ച് അനുഗ്രഹം വാങ്ങി. ഏറെ നേരം താരം ആഘോഷത്തിൽ പങ്കെടുത്തു. സ്വാമി അമൃതസ്വരൂപാനന്ദ പുരി പാദപൂജ നടത്തി. ഒരുമണിക്കൂറോളം അമൃതാനന്ദമയി പ്രസംഗിച്ചു. 11 മണിക്കു സാംസ്കാരിക സമ്മേളനം നടന്നു. 191 രാജ്യങ്ങൾ നിന്നുള്ളവർ പങ്കെടുത്തു. 70 രാജ്യങ്ങളിൽ നിന്നു സമാഹരിച്ച മണ്ണിൽ അമൃതാനന്ദമയി ചന്ദനത്തിന്റെ തൈ നട്ടു.

അമേരിക്കയിലെ ബോസ്റ്റൺ ഗ്ലോബൽ ഫോറവും മൈക്കിൽ ഡ്യൂക്കാക്കിസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു വേൾഡ് ലീഡർ ഫോർ പീസ് ആൻഡ് സെക്യൂരിറ്റി പുരസ്കാരം അമൃതാനന്ദമയിക്കു സമ്മാനിച്ചു. അമ‍ൃത കീർത്തി പുരസ്കാരങ്ങൾ നാലുപേർക്കു നൽകി. സമൂഹവിവാഹം, വസ്ത്രവിതരണം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടന്നു.

സഹകരണം സൗഹൃദം, സഹവാസം എന്ന വിഷയത്തിലായിരുന്നു അമ‍ൃതാനന്ദമയി സംസാരിച്ചത്. ‘‘മനുഷ്യൻ മനുഷ്യനുമായി സഹകരിച്ചു നീങ്ങുക. പ്രക‍ൃതിയുമായി സൗഹൃദം സ്ഥാപിക്കുക. ഈശ്വരശക്തിയുമായി സഹവാസം പുലർത്തുക. ഈ മൂന്നു കാര്യങ്ങളും കുറച്ചെങ്കിലും പ്രാവർത്തികമാക്കിയില്ലെങ്കിൽ അതു ജീവിതത്തിന്റെ സമസ്ത മേഖലകളെയും പ്രതികൂലമായി ബാധിക്കും. സന്ധിസംഭാഷണങ്ങളിലൂടെ കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നവരാണു മനുഷ്യർ’’– അമ‍ൃതാനന്ദമയി പ്രസംഗത്തിൽ പറഞ്ഞു.

Advertisement