ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാന്‍ ആയിരുന്നു കൂടിക്കാഴ്ചയെന്ന് ടി ജി നന്ദകുമാര്‍, എന്തു മറുപടി പുറത്തു പറയും, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തുടരുന്നു

Advertisement

തിരുവനന്തപുരം.ഇ.പി. ജയരാജന്‍- പ്രകാശ് ജാവഡേക്കര്‍ വിവാദ കൂടിക്കാഴ്ച ചര്‍ച്ച ചെയ്യുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും ഇ.പി.ജയരാജനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാന്‍ ആയിരുന്നു കൂടിക്കാഴ്ചയെന്ന് ടി ജി നന്ദകുമാര്‍ പറഞ്ഞു. ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ഉറപ്പിച്ച് ഡല്‍ഹിയില്‍ എത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ആരോപണം ആസൂത്രിതമെന്നാണ ഇ.പി.ജയരാജന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് അവലോകനമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ അജണ്ടയെങ്കിലും പ്രധാന ചര്‍ച്ചാ വിഷയം ഇ.പി- ജാവഡേക്കര്‍ കൂടിക്കാഴ്ചയാണ്. യോഗത്തില്‍ പങ്കെടുക്കുന്ന ഇ.പി.ജയരാജന്‍ ഇതേക്കുറിച്ച് വിശദീകരണം നല്‍കും. എന്തുകൊണ്ട് കൂടിക്കാഴ്ച പാര്‍ട്ടിയെ അറിയിച്ചില്ല, തുറന്നുപറച്ചിലിന് എന്തുകൊണ്ട് വോട്ടെടുപ്പ ദിവസം തെരഞ്ഞെടുത്തു, വിവാദ ദല്ലാളുമായുള്ള സൗഹൃദം പാര്‍ട്ടി വിലക്കിയിട്ടും എന്തുകൊണ്ടു തുടരുന്നു എന്നീ ചോദ്യങ്ങളില്‍ പ്രതിസ്ഥാനത്താണ് ഇ.പി.ജയരാജന്‍. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഇ.പിയെ മാറ്റുന്നതില്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തേക്കും. പാര്‍ട്ടി നേതൃത്വവും സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും അതൃപ്തി പരസ്യമാക്കിയ സാഹചര്യത്തില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. ഇതിനിടെ, ഇ പി ജയരാജന്‍-പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ വീണ്ടും വെളിപ്പെടുത്തലുമായി ദല്ലാള്‍ ടിജി നന്ദകുമാര്‍ രംഗത്തെത്തി. ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാന്‍ ആയിരുന്നു കൂടിക്കാഴ്ചയെന്ന് ടി ജി നന്ദകുമാര്‍ ചാനലിനോട് പറഞ്ഞു.

ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ഉറപ്പിച്ച് ഡല്‍ഹിയില്‍ എത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍. ഒരു ഫോണ്‍ കോള്‍ വന്നതിന് ശേഷം പെട്ടെന്ന് പിന്മാറി. ഡല്‍ഹി യാത്ര മുഖ്യമന്ത്രി അറിഞ്ഞതോടെയാണ് മിഷന്‍ മുടങ്ങിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞ. ആരോപണം ആസൂത്രിതമെന്നും ശോഭാ സുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നുമായിരുന്നു് ഇപി ജയരാജന്റെ പ്രതികരണം.

നടപടിയുണ്ടായില്ലെങ്കില്‍ വിവാദത്തില്‍ എന്ത് മറുപടി പറയുമെന്നതാണ് സി.പി.ഐ.എം നേതൃത്വത്തെ കുഴക്കുന്നത്.

Advertisement