പയറും പരിപ്പും അമിതമായി തിളപ്പിക്കല്ലേ

Advertisement

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പയർവർഗ്ഗങ്ങൾ. എന്നാൽ പയറും പരിപ്പുമൊക്കെ അമിതമായി തിളപ്പിക്കുന്നത് അവയിലെ പ്രോട്ടീൻ ഗുണങ്ങൾ നഷ്ടമാകാൻ കാരണമാകുമെന്ന് ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെ പുറത്തുവിട്ട 17 ഡയറ്ററി മാർഗനിർദേശങ്ങളിലാണ് ഐസിഎംആർ ഇക്കാര്യം വിശദീകരിക്കുന്നത്.

ദഹനത്തിന് തടസമാകുന്ന ആന്റി-ന്യൂട്രിഷണൽ ഘടകൾ ഇല്ലാതാക്കാൻ പയർവർഗ്ഗങ്ങൾ തിളപ്പിക്കുന്നതും പ്രഷർ കുക്കറിൽ പാചകം ചെയ്യുതുമാണ് നല്ലതെന്നും മാർഗനിർദേശത്തിൽ പറയുന്നു. തിളപ്പിക്കുന്നതിലൂടെ ഇവയിൽ അടങ്ങിയ ഫൈറ്റിക് ആസിഡിന്റെ അളവു കുറയ്ക്കാനും പോഷക ലഭ്യത മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ രുചിയും വർധിപ്പിക്കുന്നു.

എന്നാൽ അമിതമായി വേവിക്കുന്നതിലൂടെ ഇവയിൽ അടങ്ങിയ പ്രോട്ടീനും അമിനോ ആസിഡ് ആയ ലൈസീനും നഷ്ടമാകാൻ കാരണമാകുമെന്നും ഐസിഎംആർ പറയുന്നു. പയർവർഗ്ഗം വേവിക്കുമ്പോൾ ആവശ്യത്തിന് മാത്രം വെള്ളം ചേർക്കുക എന്നാണ് ഐസിഎംആറിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നത്. ഇത് വെള്ളം വറ്റി പോകുന്നത് ഒഴിവാക്കുകയും അവശ്യപോഷകങ്ങൾ നിലനിർത്താനും സഹായിക്കുന്നു. കൂടാതെ രുചി കൂട്ടുകയും ചെയ്യുന്നു.