പെരുമണ്‍ തീവണ്ടി ദുരന്തം നടന്നിട്ട് ഇന്നേക്ക് 36 വര്‍ഷം…. അപകടത്തിന് കാരണം ഇന്നും വെളിപ്പെടാത്ത സത്യമായി തുടരുന്നു

Advertisement

അഞ്ചാലുംമൂട്: 105 പേരുടെ മരണത്തിന് ഇടയാക്കിയ പെരുമണ്‍ തീവണ്ടി ദുരന്തം നടന്നിട്ട് ഇന്നേക്ക് 36 വര്‍ഷം. 1988 ജൂലൈ എട്ടിനായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഐലന്‍ഡ് എക്‌സ്പ്രസിന്റെ 12 ബോഗികള്‍ പെരുമണ്‍ പാലത്തില്‍നിന്ന് അഷ്ടമുടി കായലില്‍ പതിക്കുകയായിരുന്നു. യാത്രക്കാരും രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടെ 105 പേരാണ് മരിച്ചത്. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 36 വര്‍ഷം പിന്നിടുമ്പോഴും അപകടകാരണം അഞ്ജാതമായി തുടരുകയാണ്.
ഒന്‍പതു കോച്ചുകള്‍ ഒന്നിന് പിറകെ ഒന്നായി കായലിലേക്ക് കൂപ്പുകുത്തി. ഒരു ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റ് പാലത്തില്‍ നിന്ന് വെള്ളത്തിലേക്ക് മൂക്കുകുത്തി വീണ രീതിയില്‍ തൂങ്ങിക്കിടന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വള്ളങ്ങള്‍ ഉപയോഗിച്ച് കോച്ചുകള്‍ക്കടുത്തേക്ക് എത്തി. എങ്കിലും, നേര്‍ത്തൊരു ചാറ്റല്‍ മഴയുണ്ടായിരുന്നതും, രണ്ടു കോച്ചുകള്‍ തലകുത്തനെ മറിഞ്ഞതും, സാഹചര്യങ്ങള്‍ പ്രതികൂലമാക്കി.
ഇപ്പോഴും അതേ പാതയിലൂടെ അതേ നവംബറില്‍ ഐലന്റ് എക്‌സ്പ്രസ് ഓടുമ്പോള്‍ പ്രദേശവാസികളുടെ മനസില്‍ ഒരു ഞെട്ടലാണ്. 105 പേരുടെ ജീവനെടുത്ത പെരുമണ്‍ ദുരന്തം ഇന്നും കേരളത്തിന് നടുക്കുന്ന ഓര്‍മ്മയാണ്. അപകട കാരണം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. ദുരന്തത്തിന് കാരണം ടൊര്‍ണാഡോ ചുഴലിക്കാറ്റെന്നായിരുന്നു കണ്ടെത്തല്‍. ചെറുകാറ്റ് പോലും അടിക്കാത്ത പ്രദേശത്ത് ചുഴലിക്കാറ്റെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. വീണ്ടും പുതിയ കമ്മീഷനെ നിയോഗിച്ചെങ്കിലും, സംഘം ആദ്യ റിപ്പോര്‍ട്ട് ആവര്‍ത്തിച്ചു. അപകടത്തിന് കാരണം ഇന്നും വെളിപ്പെടാത്ത സത്യമായി തുടരുന്നു.

Advertisement