പുനലൂരില്‍ മദ്യലഹരിയില്‍ കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച് കടത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

Advertisement

രാത്രി ഏറെ നേരം കാത്തു നിന്നിട്ടും ബസ് വരാതായതോടെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസുമായി യുവാവ് സ്ഥലം വിട്ടു. പുനലൂരില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം.
മദ്യലഹരിയിലായിരുന്ന തെന്മല സ്വദേശി ബിനീഷ് ആണ് വീട്ടില്‍ പോകാന്‍ കെഎസ്ആര്‍ടിസി ബസുമായി കടന്നു കളഞ്ഞത്. തൂക്കുപാലത്തിന് സമീപമുള്ള വലിയ പാലത്തിലൂടെ ലൈറ്റ് ഇടാതെ ഒരു കെഎസ്ആര്‍ടിസി ബസ് വരുന്ന ശ്രദ്ധയില്‍പെട്ട് സംശയം തോന്നി ഹൈവേ പൊലീസ് ടിബി ജംഗ്ഷനില്‍ വണ്ടി തടഞ്ഞു. എന്നാല്‍ ബസ് നിര്‍ത്താതെ ഐക്കരക്കോണം ഭാഗത്തേക്ക് പോവുകയായിരുന്നു. സംഭവം അത്ര വെടിപ്പല്ലെന്ന് മനസിലാക്കി ബസിന് പുറകെ വിട്ട പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
സംഭവത്തില്‍ പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ വാഹന മോഷണ കേസില്‍ പുനലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി മദ്യലഹരിയില്‍ ചെയ്തതാണോ അതോ മറ്റൊന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Advertisement