വയനാട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

Advertisement

ന്യൂഡൽഹി: ഒരു പ്രകൃതി ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കെ.സുധാകരന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് (എസ്ഡിആർഎഫ്), കേന്ദ്ര ദുരന്ത നിവാരണ ഫണ്ട് (എൻഡിആർഎഫ്) എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ അനുവദിക്കുന്നില്ല. കേന്ദ്ര വ്യവസ്ഥകൾക്ക് അനുസരിച്ച്, എസ്ഡിആർഎഫിൽ നിന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താം.

ഓരോ പ്രകൃതി ദുരന്തങ്ങളെയും അതിന്റെ സ്വഭാവം അനുസരിച്ചു പരിഗണിക്കുന്നതാണു രീതിയെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു. വയനാട്ടിലെ ഉരുൾപ്പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു കേരളത്തിൽ നിന്നുള്ള വിവിധ എംപിമാർ ആവശ്യപ്പെട്ടിരുന്നു.

വയനാട്ടിലെ ദുരിതബാധിതർക്കു സഹായം നൽകാൻ ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യണം. ഈ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും സർക്കാർ സഹായം നൽകുകയെന്നു മുഖ്യമന്ത്രി അറിയിച്ചു.

എന്തെങ്കിലും സാഹചര്യത്തിൽ ദുരിതാശ്വാസ സഹായമായി വസ്തുക്കൾ വാങ്ങിയവർ അതത് ജില്ലയിലെ കലക്ടറേറ്റിൽ 1077 എന്ന നമ്പറിൽ അറിയിക്കണം. കലക്ടറേറ്റിൽ ഇവ ശേഖരിക്കാൻ സംവിധാനമൊരുക്കും.

പഴയ വസ്തുക്കൾ എത്തിക്കരുത്. അവ സ്വീകരിക്കില്ല. പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ല. ആവശ്യമുണ്ടെങ്കിൽ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും. ദുരിതാശ്വാസനിധിയിലേക്കു കേരള ബാങ്ക് 50 ലക്ഷം രൂപ നൽകി. കൊച്ചി വിമാനത്താവള കമ്പനി രണ്ടു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Advertisement