ദേവേന്ദ്ര ഫട്നാവിസ് ബിജെപി അധ്യക്ഷ പദത്തിലേക്കെന്ന് സൂചന

Advertisement

മുംബൈ ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (54) ബിജെപി ദേശീയ അധ്യക്ഷനായേക്കുമെന്ന് അഭ്യൂഹം ശക്തം. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുടുംബസമേതം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച പ്രചാരണം സജീവമായത്.

മികച്ച സംഘാടകനെന്ന സൽപേര്, വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന ശൈലി, പ്രസംഗപാടവം, രാഷ്ട്രീയ തന്ത്രങ്ങളിലെ മികവ്, പ്രായക്കുറവ് തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പ്രധാനമന്ത്രിക്കു പ്രത്യേക താൽപര്യമുളള ഫഡ്നാവിസിന് അനുകൂലമായുണ്ട്. ആർഎസ്എസിന്റെ ശക്തമായ പിന്തുണയും നാഗ്പുരിൽ നിന്നുള്ള ബ്രാഹ്മണ സമുദായാംഗമായ അദ്ദേഹത്തിനുണ്ട്. ആർഎസ്എസ് പ്രവർത്തകനും നിയമസഭാ കൗൺസിൽ മുൻ അംഗവുമാണ് ഫഡ്നാവിസിന്റെ പിതാവ്.

ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ മഹാരാഷ്ട്രയിൽ ബിജെപിയുടെ മുഖമായ ഫഡ്നാവിസിനെ കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നതിൽ പാർട്ടിക്ക് ആശങ്കയുമുണ്ട്. തലയെടുപ്പുള്ള മറ്റൊരു നേതാവ് സംസ്ഥാന ബിജെപിയിലില്ല. തൽക്കാലം ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിലനിർത്തി ദേശീയ വർക്കിങ് പ്രസിഡന്റ് ആക്കി നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അധ്യക്ഷപദവിയിലേക്ക് ഉയർത്തുക എന്ന നിർദേശവും പരിഗണനയിലുണ്ട്.