ട്രോളിങ് നിരോധനം നീങ്ങി സന്തോഷം നിറച്ച് നീണ്ടകരയിൽ ചെമ്മീൻ കോള്

Advertisement

കൊല്ലം: അൻപത്തിരണ്ടു ദിവസത്തെ ട്രോളിങ് നിരോധനത്തിനു ശേഷം കടലിൽ പോയ മത്സ്യബന്ധന ബോട്ടുകൾ മടങ്ങിയെത്തിയപ്പോൾ സുലഭമായി ചെമ്മീൻ ലഭിച്ചു.പക്ഷേ വില തീരെ കുറവായതോടെ തീരത്ത് പടർന്നതു നിരാശ. കടലാമ സംരക്ഷണത്തിന്റെ പേരിൽ കടൽച്ചെമ്മീൻ കയറ്റുമതിക്ക് യുഎസ് വിലക്ക് ഏർപ്പെടുത്തിയതും പീലിങ് ഷെഡുകളിൽ സ്ത്രീ തൊഴിലാളികൾ ഇല്ലാത്തതുമാണ് കയറ്റുമതിക്കാർ ചെമ്മീൻ എടുക്കാത്തതിനു കാരണമെന്നു ബോട്ടുടമകൾ പറയുന്നു. സംസ്ഥാനത്തെ വിവിധ ഹാർബറുകളിൽ നിന്ന് ബുധൻ അർധരാത്രി യന്ത്രവത്കൃത ബോട്ടുകൾ കടലിൽ പോയെങ്കിലും നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ നിന്നു പോയ ബോട്ടുകളാണ് കൂടുതലും ഇന്നലെ തന്നെ മടങ്ങിയെത്തിയത്. മറ്റു ഹാർബറുകളിൽ നിന്നു പോയവയിൽ ഭൂരിഭാഗം ഇന്നും അടുത്ത ദിവസങ്ങളിലുമായി മാത്രമേ എത്തുകയുള്ളൂ.

സംസ്ഥാനത്താകെ ആറായിരത്തോളം ബോട്ടുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും 3800ൽ താഴെ മാത്രമേ കടലിൽ പോകുന്നുള്ളൂ. കൊല്ലത്തെ ഹാർബറുകളിൽ ഇന്നലെ മത്സ്യബന്ധനം കഴിഞ്ഞെത്തിയ ബോട്ടുകളിൽ കൂടുതൽ ചെറിയ കരിക്കാടി ചെമ്മീൻ ആയിരുന്നു. കുറഞ്ഞ അളവിൽ കഴന്തൻ ചെമ്മീനും കിളിമീനും കിട്ടിയ ബോട്ടുകളുമുണ്ട്. ഇന്നലെ രാവിലെ ഏഴരയോടെ ബോട്ടുകൾ മടങ്ങിയെത്തിത്തുടങ്ങി. ഒരു കുട്ട കരിക്കാടി 2200 രൂപയ്ക്ക് ലേലം നടന്നെങ്കിലും പിന്നെ കിലോഗ്രാമിനു വില 25–50 രൂപ വരെയായി കുറഞ്ഞു.

കടലാമയുടെ പേരിൽ യുഎസിൽ 2019ൽ തുടങ്ങിയ നിരോധനമാണ് ഇപ്പോഴും തുടരുന്നത്. ഇന്ത്യയിൽ മത്സ്യബന്ധനത്തിനിടെ ട്രോൾവലകളിൽ കടലാമകൾ കുടുങ്ങുന്നുവെന്നും അവയെ സംരക്ഷിക്കാൻ വലകളിൽ ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് (ടെഡ്) സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് കടൽച്ചെമ്മീൻ കയറ്റുമതിക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. കേന്ദ്ര സർക്കാർ മുൻകയ്യെടുത്തു യുഎസുമായി ചർച്ച നടത്തി പരിഹാരമാർഗം തേടണമെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാട്.

ട്രോളിങ് നിരോധനം അവസാനിച്ചതിനെത്തുടർന്നു ജില്ലയിലെ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകൾ വീണ്ടും തിരക്കിൽ. ഇന്നലെ നീണ്ടകര ഹാർബറിൽ അർധരാത്രി മുതൽ പുലർച്ചെ വരെ കടലിൽ പോയ നൂറോളം ചെറു ബോട്ടുകളാണ് മടങ്ങിയെത്തിയത്. ഒരു വർഷമായി മത്സ്യലഭ്യത കുറവായിരുന്നു.

കനത്ത മഴ ലഭിച്ചതിനാൽ ഇത്തവണ സുലഭമായി മത്സ്യം ലഭിക്കും എന്നായിരുന്നു തൊഴിലാളികളുടെയും ബോട്ട് ഉടമകളുടെയും പ്രതീക്ഷ. ചെമ്മീൻ ലഭിച്ചെങ്കിലും വില കുത്തനെ ഇടിഞ്ഞത് ബോട്ട് ഉടമകളെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കും. ചെറിയ ബോട്ടുകൾക്കു പോലും ഒരു ദിവസം ഇന്ധനച്ചെലവിനും മറ്റുമായി 10,000 രൂപ ചെലവാകും. ഇതിനു പുറമേയാണ് തൊഴിലാളികളുടെ കൂലിയും മറ്റും. ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കു 3 മുതൽ 5 ലക്ഷം രൂപ വരെ ചെലവഴിച്ചിരുന്നു. പലരും കടം വാങ്ങിയും വായ്പ എടുത്തുമാണ് അറ്റകുറ്റപ്പണി നടത്തിയത്.

യുഎസ് ഉപരോധം മാത്രമല്ല, സംസ്ഥാനത്തെ പീലിങ് ഷെഡുകളിൽ സ്ത്രീത്തൊഴിലാളികളെ ജോലിക്കു കിട്ടാത്തതും ചെമ്മീൻ എടുക്കാൻ കയറ്റുമതിക്കാർ മടിക്കുന്നതിനു കാരണമാണ്. നേരത്തേ ഒരു കിലോഗ്രാം ചെമ്മീൻ നുള്ളുന്നതിന് 35 രൂപയായിരുന്നിടത്ത് 50–60 രൂപ കൊടുക്കാൻ തയാറായിട്ടും തൊഴിലാളികളെ കിട്ടുന്നില്ല. അമേരിക്കയിലേക്കുള്ള ചെമ്മീൻ കയറ്റുമതി നിലച്ചെങ്കിലും ആസിയാൻ രാജ്യങ്ങളിലേക്കും മറ്റും കയറ്റുമതി തുടരുന്നുണ്ട്. അറബിക്കടലിൽ കടലാമയുടെ സാന്നിധ്യം തീരെ കുറവാണെന്ന സത്യം യുഎസിനെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ല. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) അറബിക്കടലിനോടു ചേർന്നു കിടക്കുന്ന സംസ്ഥാനങ്ങളിലെ 52 മത്സ്യഗ്രാമങ്ങളിൽ നടത്തിയ സർവേയിൽ 10 കടലാമകളെ മാത്രമാണു കണ്ടെത്താൻ കഴിഞ്ഞത്. കേരള തീരത്തു ഭൂരിപക്ഷം പ്രദേശത്തും കടൽ ഭിത്തിയുള്ളതിനാൽ കടലാമ ഇങ്ങോട്ടേക്കു വരില്ല.

ട്രോളിങ് നിരോധനം നീക്കിയതിനു ശേഷം കടലിൽ പോയ ബോട്ടുകളിൽ 10 ശതമാനം മാത്രമേ മടങ്ങി വന്നിട്ടുള്ളൂ. ബോട്ടുകൾക്ക് കിട്ടിയത് തീരെ ചെറിയ കരിക്കാടി ആണ്. കൂന്തൽ, കണവ തുടങ്ങിയ മത്സ്യ ഇനങ്ങളുടെ ലഭ്യത വരും ദിവസങ്ങളിൽ അറിയാം. ചെമ്മീൻ പീലിങ് ഷെഡുകളിൽ പരമ്പരാഗതമായി ജോലി ചെയ്തിരുന്ന സ്ത്രീ തൊഴിലാളികൾ ഈ മേഖല വിടുന്നത് പ്രതിസന്ധിയാണ്. പുതിയ ആൾക്കാർ വരുന്നതുമില്ല.

Advertisement