അഞ്ചല്‍: ഗുരുശിഷ്യ ബന്ധത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഗുരുവന്ദനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എന്‍ടിയു സംസ്ഥാന കണ്‍വീനര്‍ പാറങ്കോട് ബിജു. അഞ്ചല്‍ ഉപജില്ലയില്‍ നടത്തിയ ഗുരുവന്ദനം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചല്‍ അയിലറ ഗവ. എല്‍പിഎസിലെ വിരമിച്ച പ്രഥമ അധ്യാപകനും എന്‍ടിയുവിന്റെ ആദ്യകാല ജില്ലാ പ്രസിഡന്റുമായിരുന്ന പി. എന്‍. കൃഷ്ണന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടാണ് ഗുരുപൂജ മഹോത്സവം നടത്തിയത്.
മനുഷ്യ സമൂഹത്തിന് ദിശാബോധം നല്‍കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കാളികളാകുന്നത് ഗുരുക്കന്മാരാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന മേഖലയാണ് അധ്യാപന മേഖല. രാഷ്ട്രീയ പാര്‍ട്ടികളുടെയും സമൂഹത്തിലെ മറ്റു തലങ്ങളിലുള്ളവരുടെയും കടന്നാക്രമണങ്ങളും അനാവശ്യമായ ഇടപെടലുകളും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അധ്യാപക സമൂഹത്തിന് സ്വതന്ത്രമായി അവരുടെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ആയാല്‍ മാത്രമേ രാജ്യത്തിന്റെ വാഗ്ദാനങ്ങളായ യുവതലമുറയ്ക്ക് വഴികാട്ടികള്‍ ആകാന്‍ അധ്യാപകര്‍ക്ക് കഴിയൂ എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഉപജില്ലാ പ്രസിഡന്റ് ആര്‍. രമേശ് കുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എ. അനില്‍കുമാര്‍, ഉപജില്ലാ സെക്രട്ടറി വിനേഷ്.വി., പ്രൈമറി വിഭാഗം കണ്‍വീനര്‍ അഖില അശോക്, കെ. ദിലീപ് എന്നിവര്‍ സംസാരിച്ചു.