അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പടിയിറങ്ങുന്നു

Advertisement

മുംബൈ: അദാനി ഗ്രൂപ്പ് ചെയർമാൻ‌ സ്ഥാനത്തുനിന്ന് 2030കളുടെ തുടക്കത്തോടെ പടിയിറങ്ങാൻ ഗൗതം അദാനി. നിലവിൽ 62 വയസ്സുള്ള ഗൗതം അദാനി, 70 വയസ്സാകുമ്പോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം പൂർണമായും മക്കളിലേക്കും അനന്തരവന്മാരിലേക്കും കൈമാറാനുള്ള ആലോചനയാണ് നടത്തുന്നത്. ബ്ലൂംബെർഗിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സോപ്പും എണ്ണയും ഹാൻഡ്‍വാഷും അരിയും കൽക്കരിയും വൈദ്യുതിയും വിൽക്കുന്നത് മുതൽ റോഡ് നിർമാണം, വിമാനത്താവളങ്ങളുടെ പ്രവർത്തന നിയന്ത്രണം, തുറമുഖങ്ങളുടെ നിർമാണവും നിയന്ത്രണവും വരെ നിർവഹിക്കുന്ന ബിസിനസ് സാമ്രാജ്യമായ അദാനി ഗ്രൂപ്പിന്റെ അടുത്ത ചെയർമാനാകാൻ കൂടുതൽ സാധ്യത ഗൗതം അദാനിയുടെ മൂത്ത മകനും നിലവിൽ അദാനി പോർട്സ് മാനേജിങ് ഡയറക്ടറുമായ കരൺ അദാനിക്കാണ്.

ഇളയ മകൻ ജീത് അദാനി, അനന്തരവന്മാരായ പ്രണവ് അദാനി, സാഗർ അദാനി എന്നിവരും താക്കോൽസ്ഥാനങ്ങളിലേക്ക് എത്തിയേക്കും. അനന്തരവകാശം തുല്യമായി ഇവരിലേക്ക് കൈമാറുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കും. അതേസമയം, ഇക്കാര്യങ്ങളെക്കുറിച്ച് അദാനി ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ജീത് അദാനി നിലവിൽ അദാനി എയർപോർട്സ് ഡയറക്ടറാണ്. പ്രണവ് അദാനി, ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഡയറ്കടറും. അദാനി ഗ്രീൻ എനർജിയുടെ എസ്കിക്യുട്ടീവ് ഡയറക്ടറാണ് സാഗർ അദാനി. ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തേക്ക് പ്രണവിനെയും പരിഗണിച്ചേക്കുമെന്ന് സൂചനകളുണ്ട്.

കൂട്ടായ തീരുമാനം തുടരും

ഗൗതം അദാനി തലപ്പത്തുനിന്ന് ഇറങ്ങിയാലും നിർണായക തീരുമാനങ്ങൾ ഗ്രൂപ്പിലെ കൂടിയാലോചനകളിലൂടെ കൈക്കൊള്ളുന്ന നിലവിലെ രീതിക്ക് മാറ്റമുണ്ടാകില്ലെന്ന് മക്കൾ നേരത്തേ ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധികളുണ്ടായാൽ പരിഹരിക്കാനും പുതിയ പദ്ധതികളും നിക്ഷേപങ്ങളും ആസൂത്രണം ചെയ്യാനും ഇതേ രീതി തന്നെ തുടരും.

ബിസിനസ് രംഗത്ത് വളർച്ചാസ്ഥിരത ഉറപ്പാക്കാൻ തലമുറമാറ്റം ഏറെ അനിവാര്യമാണെന്ന് ബ്ലൂബെർഗുമായുള്ള അഭിമുഖത്തിൽ‌ ഗൗതം അദാനി വ്യക്തമാക്കി. ഗ്രൂപ്പിലെ പ്രധാന കമ്പനിയായ അദാനി എന്റ‍ർപ്രൈസസ് ഇക്കഴിഞ്ഞ ജൂൺപാദത്തിൽ 116 ശതമാനം കുതിപ്പോടെ 1,455 കോടി രൂപയുടെ ലാഭം നേടിയെന്ന റിപ്പോർട്ട് പുറത്തുന്നിരിക്കേയാണ്, ഗൗതം അദാനി തലമുറമാറ്റത്തെക്കുറിച്ച് സംസാരിച്ചതെന്നത് ശ്രദ്ധേയമാണ്.

ഗുജറാത്തിലെ അഹമ്മദാബാദിൽ 1962 ജൂൺ 24ന് ജനിച്ച ഗൗതം അദാനി, ഗുജറാത്ത് സർവകലാശാലയിൽ നിന്ന് കൊമേഴ്സ് ബിരുദം നേടിയിട്ടുണ്ട്. 1988ലാണ് അദാനി ഗ്രൂപ്പിന് തുടക്കമിടുന്നത്. കമ്മോഡിറ്റി വ്യാപാരമായിരുന്നു ആദ്യം. നിലവിൽ അടിസ്ഥാനസൗകര്യം, തുറമുഖം, വിമാനത്താവളം, വൈദ്യുതി വിതരണം, പുനരുപയോഗ ഊർജം, കൽക്കരി ഖനനം, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, ലോജിസ്റ്റിക്സ്, മീഡിയ തുടങ്ങിയ മേഖലകളിൽ ഇന്ത്യക്കകത്തും പുറത്തും സാന്നിധ്യമുണ്ട്.

വിമർശനങ്ങളും ഓഹരികളുടെ വീഴ്ചയും

കൽക്കരി ഖനനത്തിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച് അദാനി ഗ്രൂപ്പിനെതിരെ വിമർശനങ്ങളുയർന്നിട്ടുണ്ട്. എന്നാൽ, ഗ്രൂപ്പിനെ ഏറ്റവുമധികം വലച്ചത് അമേരിക്കൻ നിക്ഷേപ-ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലർമാരുമായ ഹിൻഡെൻബർഗ് തൊടുത്തുവിട്ട ആരോപണശരങ്ങളായിരുന്നു. വിദേശത്ത് കടലാസ് കമ്പനികൾ സ്ഥാപിച്ച്, സ്വന്തം ഗ്രൂപ്പ് കമ്പനികളിലെ ഓഹരികളിൽ നിക്ഷേപം നടത്തി ഓഹരിവില കൃത്രിമമായി പെരുപ്പിച്ചുവെന്നും ആ ഓഹരികൾ ഈടുവച്ച് നേട്ടമുണ്ടാക്കിയെന്നുമായിരുന്നു പ്രധാന ആരോപണം.

ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നെങ്കിലും ഗ്രൂപ്പ് ഓഹരികളുടെ വൻ വീഴ്ചയ്ക്ക് ആരോപണങ്ങൾ വഴിവച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നപട്ടം ചൂടിയ ഗൗതം അദാനിക്ക്, അതോടെ ആ നേട്ടങ്ങളും നഷ്ടമായി. എന്നാൽ, പിന്നീട് കാലാവധിക്ക് മുമ്പ് കടങ്ങൾ തിരിച്ചടച്ച് ബാലൻഷീറ്റ് മെച്ചപ്പെടുത്തിയും പുത്തൻ നിക്ഷേപ പദ്ധതികളിലൂടെയും ഉപയോക്തൃ, നിക്ഷേപക വിശ്വാസം ഏറെക്കുറെ വീണ്ടെടുക്കാൻ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.

അംബാനിയും അദാനിയും

ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 11,000 കോടി ഡോളർ‌ (9.21 ലക്ഷം കോടി രൂപ) ആസ്തിയുമായി ലോകത്ത് 12-ാം സ്ഥാനത്താണ് ഗൗതം അദാനി. 11,300 കോടി ഡോളർ (9.46 ലക്ഷം കോടി രൂപ) ആസ്തിയുമായി മുകേഷ് അംബാനിയാണ് തൊട്ടുമുന്നിൽ 11-ാം സ്ഥാനത്ത്.

എസിസി, അദാനി എനർജി സൊല്യൂഷൻസ്, അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്സ്, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, അംബുജ സിമന്റ്, എൻഡിടിവി എന്നിവയാണ് അദാനി ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികൾ.

Advertisement