കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Advertisement

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഡിസംബര്‍ രണ്ടു മുതല്‍ 18 വരെ നടക്കും. 95 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ടു ഘട്ടങ്ങളിലായാണ് വിചാരണ. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഒന്നാംഘട്ട വിചാരണ ഡിസംബര്‍ രണ്ടുമുതല്‍ ആരംഭിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ രണ്ടാം ഘട്ടത്തിലാണ് വിസ്തരിക്കുക. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279, 201, 304, മോട്ടര്‍ വകുപ്പ് നിയമം 184 എന്നിവ അനുസരിച്ചാണ് വിചാരണ പരിഗണിക്കുക.
2019 ഓഗസ്റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിക്കാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് ബഷീര്‍ മരിച്ചത്. ശ്രീറാം നേരിട്ട് കഴിഞ്ഞ തവണ കോടതിയില്‍ ഹാജരായി കുറ്റം നിഷേധിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റെക്സ് ഹാജരാകും.