നിസാരകുറ്റത്തിന് ഓട്ടോ പിടിച്ചു വച്ചു ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു, എസ് ഐക്ക് എതിരെ നടപടി

Advertisement

കാസർകോട്. റെയിൽവേ സ്റ്റേഷന് സമീപം ഓട്ടോ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മംഗലാപുരം സ്വദേശി അബ്ദുൾ സത്താറിനെയാണ് റെയിൽവേ സ്റ്റേഷന്  സമീപത്തെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നൽകാത്തത് മൂലമാണ് ആത്മഹത്യ എന്ന് ആരോപിച്ച് ഓട്ടോ തൊഴിലാളികൾ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. അബ്ദുൽ സത്താറിന്‍റെ ഓട്ടോ കസ്റ്റഡിയിലെടുത്ത കാസർകോട് ടൗൺ സ്റ്റേഷനിലെ എസ് ഐ അനൂപിനെ സ്ഥലംമാറ്റി…


അകാരണമായി തൻ്റെ ഓട്ടോ പൊലീസ് പിടിച്ചുവച്ചുവെന്നും മറ്റ്  മാർഗമില്ലാത്തതിനാൽ   ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഫേസ്ബുക്കിൽ അബ്ദുൽ സത്താർ ആത്മഹത്യക്ക് മുന്നേ പോസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ്  ഇന്ന് ഉച്ചയോടെ കാസർഗോഡ് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്സിൽ അബ്ദുൾ സത്താറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


വ്യാഴാഴ്ചയാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കിയെന്നാരോപിച്ച് അബ്ദുൾ സത്താറിൻ്റെ ഓട്ടോ പൊലീസ് പിടിച്ചെടുത്തത്. പെറ്റി അടച്ച് ഓട്ടോ വിട്ടു നൽകാമെന്നിരിക്കെ എസ്.ഐ അനൂപ് ഇതിന് തയ്യാറായില്ലെന്നും ഡിവൈഎസ്പിയുടെ നിർദ്ദേശം പോലും എസ്ഐ തള്ളിയതോടെ മറ്റു മാർഗമില്ലാതെയാണ് സത്താർ ആത്മഹത്യ ചെയ്തതെന്നുമാണ് പരാതി


എസ്.ഐ അനുപിനെതിരെ നടപടി ആവശ്യപ്പെട്ട് ഓട്ടോ തൊഴികൾ കാസർഗോഡ് ടൗൺ പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചു. വിഷയത്തിൽ ഇടപെട്ട ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ ആരോപണ വിധേയനായ എസ്.ഐ യെ സ്ഥലം മാറ്റുകയും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്