ശാസ്താംകോട്ട:തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉയർന്ന തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത്
സർക്കാർ ജീവനക്കാരൻ്റെ നേതൃത്വത്തിൽ 10 ലക്ഷം തട്ടിയെടുത്തതായി പരാതി.ശൂരനാട് തെക്ക് ഇഞ്ചക്കാട് രേവതി നിലയം വീട്ടിൽ രവിനാഥൻപിള്ളയാണ് കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകിയത്.
കൊല്ലം പന്മന ഗ്രാമ പഞ്ചായത്ത് ജീവനക്കാരൻ വിനോദ് കുമാർ,കരുനാഗപ്പള്ളി കുലശേഖരപുരം മാധവത്ത് വീട്ടിൽ ഗണപതി എന്ന് വിളിക്കുന്ന രാജേഷ് കുമാർ,തിരുവല്ല കുരിയന്നൂർ തുണ്ടിൽ വീട്ടിൽ ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് പരാതി പ്രകാരം കേസെടുത്തത്.
ഒന്നാം പ്രതിയായ വിനോദ് കുമാർ എൻജിഒ യൂണിയൻ ജില്ലാ ഭാരവാഹിയാണെന്ന് സൂചനയുണ്ട്.പരാതിക്കാരൻ്റെ മകൻ ഗോകുൽ കൃഷ്ണന് ഭരണസ്വാധീനം ഉപയോഗിച്ച് ദേവസ്വം ബോർഡിൽ സബ്ബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ ജോലി വാങ്ങി കൊടുക്കാമെന്നും പരീക്ഷയ്ക്ക് മുമ്പായി 35 ലക്ഷം രൂപ കൊടുക്കണമെന്നും ആവശ്യപ്പെട്ട് കുടുംബ സുഹൃത്ത് കൂടിയായ വിനോദ് കുമാർ സമീപിക്കുകയായിരുന്നു.2022 സെപ്തംബറിൽ രവിനാഥൻപിള്ളയുടെ വീട്ടിലെത്തിയ ഇവർ മൂന്നാം പ്രതിയായ ഓമനക്കുട്ടനെ ദേവസ്വം കമ്മീഷണർ ആണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു.ദേവസ്വം റിക്രൂട്ട്മെമെൻ്റ് ബോർഡിലുള്ള ഇദ്ദേഹത്തിൻ്റെ സ്വാധീനം ഉപയോഗിച്ച് ജോലി വളരെ വേഗം ശരിയാക്കാമെന്ന് വിശ്വസിപ്പിക്കുകയും തുടർന്ന് അഞ്ച് ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി കൈമാറുകയും ചെയ്തു.ഇതേ വർഷം നവംബറിൽ വീണ്ടും 5 ലക്ഷം കൂടി കൈമാറി.റാങ്ക് ലിസ്റ്റിൽ പേര് വരാൻ ശേഷിക്കുന്ന 20 ലക്ഷം കൂടി നിരന്തരം ആവശ്യപ്പെട്ടെങ്കിലും നിയമനം നടന്നിട്ട് തരാമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.എന്നാൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ഗോകുൽ കൃഷ്ണൻ്റെ പേര് ഉണ്ടായിരുന്നില്ല.കബളിക്കപ്പെട്ടു എന്ന് മനസിലായതിനെ തുടർന്ന് പണം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതികൾ തയ്യാറായില്ല.നിരവധി പേരിൽ നിന്നും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായും പറയപ്പെടുന്നു.തുടർന്ന് ശൂരനാട് പൊലീസിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.തുടർന്നാണ് എസ്.പിക്ക് പരാതി നൽകിയത്. എസ്.പി നിര്‍ദ്ദേശിച്ചപ്രകാരമാണ് കേസ് എടുത്തത്. ഒന്നാം പ്രതിക്കെതിരെ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിക്കും പരാതി നൽകുമെന്നും രവിനാഥൻപിള്ള പറഞ്ഞു