ശാസ്താംകോട്ട:സഹകരണ ബാങ്കിൽ വന്‍ സാമ്പത്തിക തട്ടിപ്പും ദേശാഭിമാനി വാർഷിക സംഖ്യ വെട്ടിപ്പും നടത്തിയതായി പാർട്ടി കണ്ടെത്തിയ സിപിഎം നേതാവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.
കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ വൈസ് പ്രസിഡന്റും ശാസ്താംകോട്ട സഹകരണ ബാങ്ക് ജീവനക്കാരനും സിപിഎം കുന്നത്തൂർ ഏരിയ കമ്മിറ്റിയംഗവുമായ ഭരണിക്കാവ് സ്വദേശി എ.ഷാനവാസിനെയാണ് സിപിഎം പുറത്താക്കിയത്.ശാസ്താംകോട്ട സർവ്വീസ് സഹകരണ ബാങ്ക് നിക്ഷേപത്തിൽ നിന്നും രണ്ടര കോടിയോളം രൂപ തിരിമറി നടത്തിയെന്നും ഇത് പരിഹരിക്കാൻ വ്യവസായിയുടെ പക്കൽ നിന്നും കോടികൾ വാങ്ങിയ ശേഷം കബളിപ്പിച്ചെന്നും പാർട്ടി കണ്ടെത്തിയിരുന്നു.ഭരണിക്കാവ് ടൗണിൽ ഉൾപ്പെടെ ഇരുനൂറോളം പേരിൽ നിന്നും ദേശാഭിമാനി പത്രത്തിൻ്റെ വാർഷിക വരിസംഖ്യ വാങ്ങിയ ശേഷം 6 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായും പാർട്ടി കണ്ടെത്തി.വാർഷിക സംഖ്യ വാങ്ങിയവർക്ക് ഒരു മാസം മാത്രമാണ് പത്രം ലഭിച്ചത്.കൂടാതെ കശുവണ്ടി വികസന കോർപറേഷൻ ഭരണിക്കാവ് ഫാക്ടറിയുടെ മതിൽ പൊളിച്ച് കയ്യേറാൻ മാഫിയയ്ക്ക് സഹായം ചെയ്യാൻ പണം വാങ്ങിയെന്നും ആക്ഷേപമുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സംബന്ധിച്ചും ആക്ഷേപമുണ്ട്.
കുന്നത്തൂർ ഏരിയ കമ്മിറ്റി യോഗത്തിലാണ് പാർട്ടിയിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള തീരുമാനമുണ്ടായത്.ഭൂരിഭാഗം അംഗങ്ങളും ഷാനവാസിനെ പുറത്താക്കാൻ ആവശ്യപ്പെട്ടു.കോടികളുടെ തട്ടിപ്പ് കണ്ടെത്തിയിട്ടും പോലീസിൽ പരാതി നൽകാതെ സംരക്ഷിച്ച നേതാക്കൾക്കെതിരെ നടപടി വേണമെന്ന് ആവശ്യംഉയർന്നു.കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന ഷാനവാസിനെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാതെ നേതാക്കളാണ് സംരക്ഷിച്ചത്. സംഭവം പുറത്തറിയാതിരിക്കാനും മാധ്യമങ്ങളിൽ നിന്നും ഒളിച്ചുവയ്ക്കാനും പാർട്ടി നേതൃത്വം ശ്രമിച്ചതായും സൂചനയുണ്ട്.പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്കിൽ നടന്ന കോടികളുടെ ക്രമക്കേടുകൾ പരിശോധിക്കണമെന്നും ആവശ്യമുയർന്നു.