ശാസ്താംകോട്ട:ഭരണിക്കാവ് – മുണ്ടക്കയം ദേശീയപാത 183 വികസനത്തിന് 2600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ നിന്നും ശാസ്താംനട,അടൂർ,പത്തനംതിട്ട,,തട്ട,
വടശ്ശേരിക്കര,ളാഹ,എരുമേലി,പുലിക്കുന്ന് വഴി മുണ്ടക്കയത്ത് ദേശീയപാത 183 ൽ ചേരുന്ന തരത്തിലാണ് അലൈൻമെന്റ്.24 മീറ്റർ വീതിയിൽ 116.8 കിലോമീറ്റർ റോഡ് ആണ് വികസിപ്പിക്കുന്നത്.അതേസമയം, ഭരണിക്കാവിൽ നിന്ന് ആഞ്ഞിലിമൂട് വഴി കരുനാഗപ്പള്ളിയിലേക്ക് പാത നീട്ടുന്നതിനുള്ള ആവശ്യവും കേന്ദ്ര ഹൈവേ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരിക്ക് മുൻപാകെ ഉന്നയിച്ചിട്ടുണ്ടെന്ന് എം.പി അറിയിച്ചു.ഈ പാതയുടെ ഫീസിബിലിറ്റി സ്റ്റഡിയും അനുബന്ധ നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ദേശീയപാതയായ 66ൽ, കരുനാഗപ്പള്ളിയിൽ നിന്ന് 183 എ ആരംഭിക്കണമെന്ന ആവശ്യം മന്ത്രാലയം അനുകൂലമായി പരിഗണിച്ചിട്ടുണ്ട്.നിലവിൽ ആയിരത്തിലധികം പിസിയുള്ള ഈ പാതയുടെ വിപുലീകരണം നടപ്പിലായാൽ കൊട്ടാരക്കര,കുണ്ടറ,കുന്നത്തൂർ, ശാസ്താംകോട്ട,കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിലെ യാത്രക്കാർക്ക് മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കാനാകുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി.