സൈജു കുറുപ്പ് നായകനാകുന്ന റൊമാന്റിക് ചിത്രം ‘അഭിലാഷം’ വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘മണിയറയിലെ അശോകന്’ ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെനിത് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, തന്‍വി റാം എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, ഉമ കെപി, നീരജ രാജേന്ദ്രന്‍, ശീതള്‍ സക്കറിയ, അജിഷ പ്രഭാകരന്‍, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീണ്‍, ഷിന്‍സ് ഷാന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് തമന്ന. ‘ഒഡെല 2’ ആണ് തമന്നയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. ഇതുവരെ ചെയ്യാത്ത രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തില്‍ തമന്നയെ കാണാനാവുക. ശിവഭക്തയായ സന്യാസിനിയുടെ വേഷത്തിലാണ് ചിത്രത്തില്‍ തമന്നയെത്തുന്നത്. തിന്മയും നന്മയും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ആക്ഷനും ഫാന്റസിയുമൊക്കെ ചേര്‍ന്നൊരു ചിത്രമായിരിക്കും ഒഡെല. അശോക് തേജ സംവിധാനം ചെയ്യുന്ന ഒഡെല 2 നിര്‍മിക്കുന്നത് സമ്പത് നന്ദി ടീം വര്‍ക്ക്സാണ്. വസിഷ്ഠ എന്‍ സിംഹ, യുവ, നാഗ മഹേഷ്, വംശി, ഗഗന്‍ വിഹാരി, സുരേന്ദര്‍ റെഡ്ഡി, ഭൂപാല്‍, പൂജ റെഡ്ഡി എന്നിവരും ഒഡെല 2ല്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഒഡെല റെയില്‍വേ സ്റ്റേഷന്‍ എന്ന തെലുങ്ക് ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഒഡെല 2. അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ഒരു ഗൈനക്കോളജിസ്റ്റിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മാറുന്ന കാലത്തിന്റെ കഥ പറഞ്ഞിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിക്ക് തിയേറ്ററുകള്‍ തോറും മികച്ച പ്രതികരണം. ബുക്ക് മൈ ഷോയില്‍ 9.6 റേറ്റിംഗുമായി ട്രെന്‍ഡിംഗിലേക്ക് കുതിക്കുകയാണ് ചിത്രം. ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഏറെ നാളുകള്‍ക്ക് ശേഷം ഗൈനക്കോളജി പഠിക്കാനെത്തുന്ന ഏക ആണ്‍തരിയില്‍ നിന്ന് തുടങ്ങി അയാള്‍ നഗരത്തിലെ ശ്രദ്ധേയനായ മെയില്‍ ഗൈനക്കോളജിസ്റ്റായി മാറുന്നതും ഐവിഎഫ് സ്പെഷലിസ്റ്റായുള്ള അയാളുടെ വളര്‍ച്ചയും അതിനിടയില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റുമൊക്കെ ചിത്രം മികച്ച രീതിയില്‍ സ്‌ക്രീനില്‍ കാണാം. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്.

സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന ‘പടക്കളം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബര്‍ വര്‍ക്സ് എന്ന ബാനറില്‍ വിജയ് സുബ്രമണ്യവും കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 2025 മെയ് രണ്ടാം തീയതി തീയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ എന്നിവര്‍ക്കൊപ്പം ഒരു യുവതാരനിരയുമുണ്ട്.