ബലൂചിസ്ഥാൻ ട്രെയിൻ റാഞ്ചൽ: ബന്ദികളെ മോചിപ്പിച്ചു; 33 ബിഎൽഎ ചാവേറുകളെ വധിച്ചെന്ന് പാക്ക് സൈന്യം

Advertisement

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) സായുധ സംഘടന ബന്ദിയാക്കിയ ട്രെയിൻ യാത്രക്കാരെ മുഴുവൻ മോചിപ്പിച്ചെന്നും രക്ഷാദൗത്യം അവസാനിച്ചെന്നും സുരക്ഷാസേന അറിയിച്ചു. സ്ഫോടകവസ്തുക്കൾ ദേഹത്തുവച്ചുകെട്ടി ട്രെയിനിലുണ്ടായിരുന്ന 33 ബിഎൽഎ ചാവേറുകളെ വധിച്ചു.

ട്രെയിനിലെ എല്ലാ ബോഗികളിലും രക്ഷാസൈന്യമെത്തി യാത്രക്കാരെ രക്ഷപ്പെടുത്തിയെന്നു സൈന്യം വ്യക്തമാക്കി. എന്നാ‍ൽ ബിഎൽഎയുടെ കൈവശം കൂടുതൽ ബന്ദികളുണ്ടോയെന്നു വ്യക്തമല്ല. സംഭവത്തിൽ 21 യാത്രക്കാരും നാല് സൈനികരും കൊല്ലപ്പെട്ടെന്നു പാക്ക് സൈന്യം അറിയിച്ചു. 50 യാത്രക്കാരെ വധിച്ചതായി ബിഎൽഎയും പത്രക്കുറിപ്പിറക്കി.

ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റയിൽനിന്നു 160 കിലോമീറ്റർ അകലെ പർവതമേഖലയിൽ പാളം തകർത്തശേഷമാണു ചൊവ്വാഴ്ച ബിഎൽഎ ട്രെയിൻ പിടിച്ചെടുത്തത്. ക്വറ്റയിൽനിന്നു പെഷാവാറിലേക്കുള്ള ട്രെയിനിൽ ഒൻപത് കോച്ചുകളിലായി 425 യാത്രക്കാരാണുണ്ടായിരുന്നത്.

രണ്ട് ലോക്കോ പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചതായി ബിഎൽഎ അവകാശപ്പെട്ടെങ്കിലും ഇതു ശരിയല്ലെന്നാണു പാക്ക് അധികൃതർ അറിയിച്ചത്. ബന്ദികളായ യാത്രക്കാർക്കൊപ്പം ഓരോ കോച്ചിലും സ്ഫോടക വസ്തുക്കൾ ദേഹത്തുവച്ചുകെട്ടിയ ചാവേറുകൾ ഉണ്ടായിരുന്നതിനാൽ ഏറെ ശ്രമകരമായിരുന്നു രക്ഷാപ്രവർത്തനം. ട്രെയിൻ നിർത്തിയിട്ട സ്ഥലത്ത് കനത്ത വെടിവയ്പ് നടന്നു.

പാക്ക് ജയിലിലുള്ള ബലൂച് രാഷ്ട്രീയ തടവുകാരെയും സൈന്യം തട്ടിക്കൊണ്ടുപോയ ആക്റ്റിവിസ്റ്റുകളെയും 48 മണിക്കൂറിനകം വിട്ടയയ്ക്കണമെന്നായിരുന്നു ബിഎൽഎയുടെ ആവശ്യം. പാക്ക് സർക്കാരിനെതിരെ സായുധസമരം നടത്തുന്ന ബിഎൽഎ കഴിഞ്ഞ നവംബറിൽ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ചാവേർ സ്ഫോടനത്തിൽ 26 പേരാണു കൊല്ലപ്പെട്ടത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here